കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തടവുകാര്‍ക്ക് മര്‍ദനം; സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: October 13, 2020 3:40 pm | Last updated: October 13, 2020 at 11:26 pm

തൃശൂര്‍ | കൊവിഡ് നിരീക്ഷണത്തിനായി തൃശൂരിലെ അമ്പിളിക്കല ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്ന റിമാന്‍ഡ് തടവുകാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സൂപ്രണ്ട് രാജു എബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്തു. അമ്പിളിക്കല കൊവിഡ് കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തേഞ്ഞിപ്പലം സ്വദേശി ഷാഫിയുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് കേന്ദ്രത്തില്‍ ക്രൂരമര്‍ദനം നടന്നതായി പോലീസിന് വ്യക്തമായത്. മര്‍ദനമേറ്റ് അവശനിലയില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാഫി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ രണ്ട് ജയില്‍ ജീവനക്കാര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു.
ഷാഫി പരാതിപ്പെട്ട അതേ ദിവസം ഷെമീര്‍ എന്ന തടവുകാരനെ അവശനിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ പിന്നീട് മരിച്ചു. തടവുകാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ജീവനക്കാരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.