ഒരാളില്‍ കൊവിഡ് വീണ്ടും വരുന്നത് വൈറസിനെതിരായ പ്രതിരോധശേഷി കൈവരിക്കുന്നതില്‍ സംശയമുണ്ടാക്കുന്നുവെന്ന് പഠനം

Posted on: October 13, 2020 3:31 pm | Last updated: October 13, 2020 at 3:31 pm

പാരീസ് | ഒരാളില്‍ തന്നെ കൊവിഡ്- 19 വീണ്ടും വരുന്നത് കൊറോണവൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതില്‍ സംശയം ജനിപ്പിക്കുന്നതായി പഠനം. രണ്ടാം തവണയും കൊവിഡ് ബാധിച്ചാല്‍ കൂടുതല്‍ ശക്തമായ ലക്ഷണങ്ങളാണുണ്ടാകുകയെന്നും പഠനത്തില്‍ പറയുന്നു. ദി ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

അമേരിക്കയില്‍ രോഗം രണ്ടാമതും വന്ന 25കാരനെ പഠനം വിധേയമാക്കിയപ്പോള്‍, രണ്ടാമത് ബാധിച്ചത് കൊറോണവൈറസിന്റെ മറ്റൊരു വകഭേദമാണെന്ന് കണ്ടെത്തി. 48 മണിക്കൂറിനുള്ളിലാണ് വീണ്ടും രോഗമുണ്ടായത്. കൂടുതല്‍ കടുത്ത ലക്ഷണങ്ങളാണുണ്ടായത്. ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ഹോങ്ക്‌കോംഗ്, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ വൈറസ് വീണ്ടും ബാധിച്ച നാല് കേസുകളും പഠനവിധേയമാക്കിയിരുന്നു. കൊറോണവൈറസിനെതിരെ പ്രതിരോധ ശേഷി നേടാനുള്ള വാക്‌സിന്‍ ശ്രമങ്ങളെയും മറ്റും ഇത് ഗുരുതരമായി ബാധിക്കുന്നതാണെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണവൈറസ് ബാധിച്ചവര്‍ക്ക് എങ്ങനെ ദീര്‍ഘകാലത്തെ പ്രതിരോധശേഷി നേടാമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. രണ്ടാമതും രോഗം ബാധിക്കുന്നത് അപൂര്‍വമാണെങ്കിലും കൂടുതല്‍ ശക്തമായ നിലയിലാണുണ്ടാകുന്നത്.

ALSO READ  കൊവിഡ്: അന്തിമ പരീക്ഷണങ്ങളില്‍ ഫിസര്‍ വാക്‌സിന് 95 ശതമാനം കാര്യക്ഷമത; സുരക്ഷാ ആശങ്കകള്‍ വേണ്ട