Connect with us

International

ഹോളോകോസ്റ്റ് നിഷേധിക്കുകയോ വക്രീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കം നിരോധിക്കാന്‍ ഫേസ്ബുക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് | ഹോളോകോസ്റ്റിനെ നിഷേധിക്കുകയോ വക്രീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങളെ നിരോധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഇതിനായി വിദ്വേഷ പ്രചാരണ നയം ഫേസ്ബുക്ക് പരിഷ്‌കരിച്ചു. ലോക ജൂത കോണ്‍ഗ്രസും അമേരിക്കന്‍ ജൂത കമ്മിറ്റിയും ഈ നീക്കത്തെ പ്രശംസിച്ചു.

ഹോളോകോസ്റ്റ് നിഷേധം വലിയ അക്രമമാണെങ്കിലും അത്തരം ഉള്ളടക്കം ഡിലീറ്റ് ചെയ്യില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഹോളോകോസ്റ്റിനെ ചെറുതായിക്കാണുന്നതിനും ഇടയില്‍ ഏറെ മനക്ലേശം അനുഭവിക്കുകയാണെന്ന് തിങ്കളാഴ്ച സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ജൂതമത വിശ്വാസി കൂടിയാണ് സക്കര്‍ബര്‍ഗ്.

ഹോളോകോസ്റ്റിനെ നിഷേധിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് ലോക ജൂത കോണ്‍ഗ്രസ് വര്‍ഷങ്ങളായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഈ വേനല്‍ക്കാലത്ത് ഫേസ്ബുക്കിന് പരസ്യം നല്‍കുന്നത് ബഹിഷ്‌കരിക്കണമെന്ന പ്രചാരണവും സംഘടിപ്പിച്ചിരുന്നു. അതേസമയം, ഫേസ്ബുക്കിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത് ദുര്‍ബലപ്പെടുത്തുമെന്ന വിമര്‍ശനങ്ങളുണ്ട്.

അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ കീഴില്‍ നാസി ജര്‍മനിയില്‍ 1941- 45 കാലയളവില്‍ നടന്ന ജൂത വംശഹത്യയാണ് ഹോളോകോസ്റ്റ്. യൂറോപ്പിലെ ജൂത ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും വംശഹത്യയിലൂടെ തുടച്ചുനീക്കപ്പെട്ടു. ഏകദേശം 60 ലക്ഷം ജൂതന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതേസമയം, ഫലസ്തീനെ വിഭജിച്ച് ഇസ്രയേല്‍ രാജ്യ സ്ഥാപനത്തിന് ശക്തമായ പിന്തുണയും അനുകമ്പയും ലഭിക്കാനുള്ള പ്രചാരണമാണ് ഹോളോകോസ്‌റ്റെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അഹ്മദി നെജാദ് ഇറാന്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഹോളോകോസ്റ്റിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു.

Latest