Connect with us

National

ബി ജെ പി നേതാക്കള്‍ അഴിമതി ഇല്ലാത്തവര്‍; തനിക്കെതിരായ ട്രോളുകളെല്ലാം പെയ്ഡ്- ഖുശ്ബു

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ താന്‍ നേരത്തെ നടത്തിയ വിമര്‍ശനങ്ങളെല്ലാം ജോലിയുടെ ഭാഗമായിരുന്നെന്ന് അടുത്തിടെ ബി ജെ പിയിലെത്തിയ നടി ഖുശ്ബു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ പല വിമര്‍ശനങ്ങളും നടത്തും. കോണ്‍ഗ്രസ് അംഗമായിരുന്ന സമയത്ത് കേന്ദ്രത്തെ വിമര്‍ശിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമാണ്. ഇപ്പോള്‍ ഇത്തരം വിമര്‍ശനം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം പെയ്ഡ് ആണെന്നും ഖുശ്ബു പറഞ്ഞു. ദി പ്രിന്റിനു നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ മറുപടി.

ബി ജെ പി നേതാക്കളുടെ ഒരു ഗുണം അവരുടെ മേല്‍ അഴിമതി ആരോപണം ഇല്ലെന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പാര്‍ട്ടി എത്ര ശുദ്ധമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഞാന്‍ തീര്‍ച്ചയായും അതിനെ വിശ്വസിക്കുന്നു പ്രതിപക്ഷത്തിരിക്കുമ്പോള്‍ റഫേല്‍, പി എം കെയര്‍ ഫണ്ട് തുടങ്ങി നിരവധി വിഷയങ്ങളില്‍ താന്‍ വിമര്‍ശനം നടത്തിയിട്ടുണ്ട്. സുപ്രീം കോടതി എല്ലാ കേസുകളും ക്ലിയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരു നേതാവിനെതിരെയും ഒരു ആരോപണം പോലുമില്ല.
ട്വിറ്ററില്‍ ഉള്ളവരല്ല യഥാര്‍ഥത്തില്‍ വോട്ട് ചെയ്യുന്നത്. തന്നെ ട്രോളുന്നവര്‍ക്കെല്ലാം പണം നല്‍കുകയാണ്. അവര്‍ക്ക് പേരുകളില്ല, ഐഡന്‍ന്റിറ്റിയില്ല. ഞാനിതിനെ തീരെ പരിഗണിക്കുന്നില്ലെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.