കൊവിഡ്: സ്‌കൂളുകള്‍ അടച്ചിട്ടത് മൂലം ഇന്ത്യയുടെ ഭാവിവരുമാനത്തില്‍ 420 ബില്ല്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് ലോകബേങ്ക്

Posted on: October 12, 2020 4:33 pm | Last updated: October 12, 2020 at 10:49 pm

ന്യൂഡല്‍ഹി | കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിടുന്നത് ഇന്ത്യയുടെ ഭാവി വരുമാനം 420 ബില്യണ്‍ മുതല്‍ 600 ബില്യണ്‍ ഡോളര്‍ വരെ ഇടിയാന്‍ ഇടയാക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കുറയുന്നത് ഉല്‍പാദനക്ഷമതയെ കാര്യമായി ബാധിക്കുമെന്ന് ലോക ബേങ്ക് വ്യക്തമാക്കുന്നു. ദക്ഷിണേഷ്യയിലുടനീളം 5.5 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. പുറത്തുപോകുന്നവരുടെയും സ്‌കൂളുകളില്‍ തുടരുന്നവരുടെയും പഠനനഷ്ടം കണക്കാക്കിയാല്‍ ദക്ഷിണേഷ്യയില്‍ മാത്രം 622 ബില്യണ്‍ ഡോളര്‍ മുതല്‍ 880 ബില്ല്യണ്‍ ഡോളര്‍വരെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

എല്ലാ രാജ്യങ്ങളുടെയും ജിഡിപിയിലും നഷ്ടമുണ്ടാകുമെങ്കിലും പ്രാദേശിക നഷ്ടം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാണ് കനത്ത ആഘാതമുണ്ടാകുക എന്നാണ് വിലയിരുത്തല്‍. ‘തകര്‍ക്കപ്പെടലോ നശിക്കലോ? ദക്ഷിണേഷ്യയിലെ അനൗപചാരികതയും കൊവിഡ് 19നും’ എന്ന് പേരിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നത്.

എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും താല്‍ക്കാലിക സ്‌കൂള്‍ അടച്ചുപൂട്ടല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രാഥമിക, സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ നിന്ന് 391 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ അകറ്റി നിര്‍ത്തപ്പെട്ടു. പഠന പ്രതിസന്ധി പരിഹരിക്കല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിക്ക സര്‍ക്കാരുകളും സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ ആഘാതം ലഘൂകരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും, വിദൂര പഠന സംരംഭങ്ങളില്‍ കുട്ടികളെ പൂര്‍ണമായും ഭാഗവാക്കാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഞ്ച് മാസമായി സ്‌കൂളുകള്‍ അടച്ചിട്ട ശേഷം ചില രാജ്യങ്ങളില്‍ സ്‌കൂള്‍ തുറക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും കാലം സ്‌കൂളില്‍ നിന്ന് മാറി നിന്നതോടെ കുട്ടികള്‍ക്ക് പുതിയ അറിവ് നേടാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, മുമ്പ് പഠിച്ചത് മറന്നുപോകുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ALSO READ  കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്