Connect with us

Ongoing News

നാലു തോല്‍വിക്കു ശേഷം രാജസ്ഥാന്‍ വിജയ തീരത്ത്; ഹൈദരാബാദിനെ അഞ്ചു വിക്കറ്റിന് തകര്‍ത്തു

Published

|

Last Updated

ദുബൈ | ഐ പി എല്ലില്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം വിജയ തീരത്തണഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ചു വിക്കറ്റ് വിജയമാണ് രാജസ്ഥാന്‍ കരസ്ഥമാക്കിയത്. ഹൈദരാബാദ് മുന്നോട്ടുവച്ച 158 റണ്‍സ് ഒരു പന്തു ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. പരാജയം തുറിച്ചു നോക്കിയ ഘട്ടത്തില്‍ നിന്ന് രാജസ്ഥാന്‍ പൊരുതി നേടിയ വിജയം കൂടിയായിരുന്നു ഇത്. ആത്മവിശ്വാസത്തോടെ ഉറച്ചുനിന്ന് അടരാടിയ റിയാന്‍ പരാഗും രാഹുല്‍ തെവാട്ടിയയും നേടിയ 85 റണ്‍സാണ് ജയത്തില്‍ നിര്‍ണായക ഘടകമായത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്തി പരാഗ് ടീമിന് ജയം സമ്മാനിച്ചു. 26 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് റിയാന്‍ പരാഗ് ടീമിനു വേണ്ടി അടിച്ചെടുത്തത്. രണ്ട് സിക്സും രണ്ട് ഫോറും കരുത്തുറ്റ ഈ ഇന്നിംഗ്‌സില്‍ പിറന്നു. 28 പന്തില്‍ രണ്ടു സിക്സും നാലു ഫോറുമുള്‍പ്പെടെ നേടിയ 45 റണ്‍സാണ് രാഹുല്‍ തെവാട്ടിയയുടെ സംഭാവന.

തകര്‍ച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. 4.1 ഓവറുകള്‍ക്കുള്ളില്‍ തന്നെ ബെന്‍ സ്റ്റോക്ക്സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്‌ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ വീണു.
പിന്നീട് ഒന്നിച്ച സഞ്ജു സാംസണ്‍-റോബിന്‍ ഉത്തപ്പ കൂട്ടുകെട്ട് 63 റണ്‍സ് നേടി. ഉത്തപ്പയുടെ (18) വിക്കറ്റ് നേടി റാഷിദ് ഖാന്‍ ഈ സഖ്യത്തെ പിരിച്ചു. 12 ാം ഓവറില്‍ സഞ്ജുവിനെയും റാഷിദ് മടക്കി. 25 പന്തില്‍ നിന്ന് 26 റണ്‍സായിരുന്നു സഞ്ജു നേടിയത്.

മനീഷ് പാണ്ഡെയും നായകന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. 73 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് പിറന്നത്. 44 പന്തില്‍ നിന്ന് മൂന്നു സിക്സും രണ്ടു ഫോറുമടക്കം 54 റണ്‍സാണ് പാണ്ഡെയുടെ സംഭാവന. 38 പന്തുകളില്‍ നിന്ന് 48 റണ്‍സാണ് വാര്‍ണര്‍ നേടിത്.

Latest