National
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍: പ്രധാന മന്ത്രി

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ദല്ലാളുകള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് ആരോപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവര്‍ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. ചരിത്രപരമായ പരിഷ്‌കരണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും അതില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും സ്വമിത്വ കാര്‍ഡ് വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് പ്രസംഗിക്കവേ പ്രധാന മന്ത്രി വ്യക്തമാക്കി.
മധ്യവര്‍ത്തികളില്ലാതെ കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ട് വരുമാനം ലഭ്യമാകുന്നത് അനധികൃതമായി പണം സമ്പാദിക്കുന്നവരെ പ്രതികൂലമായി ബാധിക്കും. ഇത്തരക്കാരാണ് എതിര്‍പ്പുയര്‍ത്തുന്നത്. രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാലാണ് പ്രതിപക്ഷം സര്‍ക്കാര്‍ നടപടികളെ എതിര്‍ക്കുന്നതും അവയ്‌ക്കെതിരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നതും. സര്‍ക്കാറിന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന പ്രതിപക്ഷം രാജ്യത്തിന്റെ വികസനത്തിന് തടയിടാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷക്കാലം കൊണ്ട് ഗ്രാമീണ മേഖലയില്‍ സര്‍ക്കാരുകള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് തങ്ങള്‍ ചെയ്തതായും മോദി അവകാശപ്പെട്ടു.