Connect with us

Editorial

വിദ്യാഭ്യാസം: വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ പ്രസക്തം

Published

|

Last Updated

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ഡോ. ജെ പ്രസാദ് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും ഉറപ്പ് വരുത്തിക്കൊണ്ട് വേണം അധ്യയനവര്‍ഷം പൂര്‍ത്തിയാക്കേണ്ടതെന്നും സ്‌കൂളുകള്‍ തുറക്കാന്‍ വൈകിയാല്‍ പോലും കൊവിഡിന്റെ പേരില്‍ അധ്യയന വര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതി ചുരുക്കുകയോ ചെയ്യരുതെന്നുമാണ് സമിതിയുടെ മുഖ്യനിര്‍ദേശം. മാര്‍ച്ചില്‍ അവസാന പരീക്ഷ നടത്താനായില്ലെങ്കില്‍ അധ്യയന വര്‍ഷം ദീര്‍ഘിപ്പിക്കണം. ഏപ്രിലിലോ മെയിലോ അധ്യയനം പൂര്‍ത്തിയാക്കി പരീക്ഷ നടത്താവുന്നതാണ്. ഇതിനായി ശനി, ഞായര്‍ പോലുള്ള അവധി ദിവസങ്ങളിലും ക്ലാസുകളാകാം. സ്‌കൂളുകള്‍ തുറക്കാതെ പരീക്ഷകള്‍ നടത്തരുത്. ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ലഭ്യതക്കുറവുള്ളതിനാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനോട് സമിതിക്ക് യോജിപ്പില്ല. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ഉപകാരപ്രദമായോ എന്നറിയാന്‍ വര്‍ക്ക് ഷീറ്റുകള്‍ മതി. ഇതിന് പരീക്ഷ നടത്തേണ്ടതില്ല.
സ്‌കൂള്‍ തുറക്കുമ്പോള്‍ പൊതുപരീക്ഷ നടക്കുന്ന എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായിരിക്കണം പ്രഥമ പരിഗണന. തൊട്ടുപിന്നാലെ ഒമ്പത്, പതിനൊന്ന് ക്ലാസുകാരെയും പരിഗണിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ അധ്യാപകര്‍ സ്‌കൂളുകളിലെത്തുകയും പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വിദ്യാർഥികള്‍ക്ക് അവരെ സമീപിച്ച് സംശയ നിവാരണം നടത്താൻ ‍അവസരമൊരുക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പടുന്നു. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കുട്ടികള്‍ക്ക് നല്‍കുന്ന വര്‍ക്ക് ഷീറ്റുകള്‍ പരീക്ഷാ കേന്ദ്രീകൃതമായിരിക്കണം. സ്‌കൂള്‍ തുറന്നാലും ഫസ്റ്റ് ബെല്ലിലൂടെ പഠിപ്പിച്ച പാഠഭാഗങ്ങള്‍ അധ്യാപകര്‍ റിവിഷന്‍ നടത്തുകയും വേണം.

സ്‌കൂളുകള്‍ ദീര്‍ഘകാലം അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ അധ്യയന സമയവും സിലബസും വെട്ടിക്കുറക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് നേരത്തേ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്‍ സി ഇ ആര്‍ ടിയുടെ പൊതുനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അതാത് സംസ്ഥാന ബോര്‍ഡുകളാണ് പാഠ്യപദ്ധതി ചുരുക്കുന്ന കാര്യം തീരുമാനിക്കേണ്ടത്.
ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ ഇത് നടപ്പാക്കുന്ന രീതിയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്‌ സി ആർ ‍ടി സി ഡയറക്ടറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തിവരുന്ന ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നും അതിന്റെ ഗുണഫലം ഔപചാരിക വിദ്യാഭ്യാസത്തിന്റെ നാലയലത്ത് പോലും എത്തുന്നില്ലെന്നും നേരത്തേ പരാതിയുണ്ട്.

വിദഗ്ധ സമിതിക്കും ഇതേ അഭിപ്രായമാണുള്ളത്. പ്രത്യേകിച്ച് “ഫസ്റ്റ് ബെല്ലിന്” ആദ്യ
ഘട്ടത്തിലുണ്ടായിരുന്ന സ്വീകാര്യത ക്ലാസുള്‍ കുറേ പിന്നിട്ടപ്പോള്‍ കുറഞ്ഞുവന്നു. ദിവസങ്ങള്‍ പിന്നിടുന്തോറും ക്ലാസുകളുടെ നിലവാരം കൂടുതല്‍ കുറയുകയാണ്.
അധ്യയന മേഖലയിലെ സ്തംഭനം ഒഴിവാക്കുന്നതിനും അധികം താമസിയാതെ സ്‌കൂള്‍ തുറക്കാമെന്നുള്ള പ്രതീക്ഷയിലും താത്കാലിക സംവിധാനമെന്ന നിലയിലുമാണ് ജൂണ്‍ ഒന്നിന് ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. മാസങ്ങളോളം തുടരേണ്ടി വരുമെന്നറിയാത്തതിനാല്‍ അതിനനുസൃതമായ തയ്യാറെടുപ്പുകളോ ഒരുക്കങ്ങളോ നടത്തിയിരുന്നില്ല. മാത്രമല്ല, ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളും ഇല്ലാത്തതിനാല്‍ ഇപ്പോഴും വിദ്യാര്‍ഥികളില്‍ നല്ലൊരു വിഭാഗത്തിനും ഡിജിറ്റല്‍ ക്ലാസുകള്‍ ലഭ്യവുമല്ല. 60 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഗുണഫലം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രകടമായ അന്തരങ്ങളുണ്ട് സ്‌കൂളിലെത്തിയുള്ള ഔപചാരിക പഠന പ്രക്രിയയും ഓണ്‍ലൈന്‍ പഠനവും തമ്മില്‍. ഔപചാരിക വിദ്യാഭ്യാസത്തില്‍ ലഭ്യമാകുന്ന വ്യക്തിഗതമായ സംവേദനവും അധ്യാപകരും വിദ്യാര്‍ഥികളുമായുള്ള സഹവാസവും വിദ്യാര്‍ഥികളുടെ നൈപുണിയും ധൈഷണികതയും പരിപോഷിപ്പിക്കാന്‍ സഹായകമാണ്. ഇതൊന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലഭ്യമല്ല. വിദ്യാര്‍ഥികളുടെ പഠന നിലവാരം കൃത്യമായി മനസ്സിലാക്കുന്നതിന് വിദ്യാര്‍ഥിയെ നേരില്‍ കണ്ടുള്ള വിലയിരുത്തലോളം ഫലപ്രദമല്ല ഓണ്‍ലൈന്‍ വഴി വിദൂരതയില്‍ നിന്നുള്ള വിലയിരുത്തല്‍. ഉടന്‍ പ്രതികരണം ലഭിക്കേണ്ട രീതിയിലുള്ള പഠനാനുഭവങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ സാധ്യമാകുന്നില്ല.

കേരളം സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരം ഇന്നും അത്രമെച്ചമല്ല. അതിനിടെ, കൊവിഡിന്റെ പേരില്‍ അധ്യയന ദിവസങ്ങളും സിലബസും വെട്ടിച്ചുരുക്കുക കൂടി ചെയ്താല്‍ നിലവാരം പിന്നേയും താഴാനിടയാക്കും. അടുത്ത വര്‍ഷത്തെ ക്ലാസിനെ അത് സാരമായി ബാധിക്കുകയും ചെയ്യും. ഭാഷ, സാമൂഹിക വിഷയങ്ങള്‍ പോലുള്ളവയിലെ പഠനക്കുറവ് എങ്ങനെയെങ്കിലും നികത്താനായേക്കാം. എന്നാല്‍, ഗണിതം, ഫിസിക്‌സ്, ഐ ടി തുടങ്ങിയ വിഷയങ്ങളില്‍ ഇത് നികത്തുക ഏറെ ശ്രമകരമാണ്. ഇതെല്ലാം പരിഗണിച്ചാണ് സിലബസ് വെട്ടിച്ചുരുക്കരുതെന്ന് സമിതി കര്‍ശന നിര്‍ദേശം വെച്ചത്.

സ്‌കൂളുകള്‍ക്ക് ശരാശരി 200 അധ്യയന ദിനങ്ങളും വി എച്ച് എസ് ഇക്ക് 220 അധ്യയന ദിനങ്ങളുമാണ് വേണ്ടത്. ഇതില്‍ പകുതിയും നഷ്ടപ്പെട്ട് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിദഗ്ധ സമിതി നിര്‍ദേശിച്ച പോലെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളെങ്കിലും താമസിയാതെ തുറക്കുകയും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അധ്യാപകര്‍ സ്‌കൂളുകളില്‍ ഹാജരായി വിദ്യര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലെ സംശയ നിവാരണത്തിന് അവസരമൊരുക്കുകയും ചെയ്യാകുന്നതാണ്. രോഗവ്യാപനം കുറഞ്ഞ ഗ്രീന്‍ സോണുകളില്‍ ഔപചാരിക സ്‌കൂള്‍ പഠനം ആരംഭിക്കുന്ന കാര്യവും പരിഗണനാര്‍ഹമാണ്. മധ്യവേനലവധി ഉപയോഗപ്പെടുത്തി മറ്റ് ക്ലാസുകളിലെ കുട്ടികള്‍ക്ക് സംഭവിച്ച പാഠനഷ്ടങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ. സര്‍ക്കാറും അധ്യാപകരും രക്ഷിതാക്കളും ഒത്തുപിടിച്ചാല്‍ വലിയൊരളവോളം പരിഹരിക്കാൻ സാധിക്കുന്നതാണ് വിദ്യാഭ്യാസ മേഖലയിൽ കൊവിഡ് വരുത്തിയ നഷ്ടങ്ങള്‍.

Latest