National
അന്യജാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദം; 18കാരനെ നാട്ടുകാര്‍ അടിച്ചുകൊന്നു

ന്യൂഡല്‍ഹി | പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 18 കാരനായ വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ സ്വദേശിയായ രാഹുല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാഹുലിന് അന്യജാതിക്കാരിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഈ സൗഹൃദത്തിന് അവന്റെ വീട്ടുകാര്‍ എതിരായിരുന്നു. ആക്രമിക്കപ്പെടുന്നതിന് ഏതാനും സമയം മുമ്പ് രാഹുല്‍ പെണ്‍കുട്ടിയോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയോടൊപ്പം സുരക്ഷാ ഫൂട്ടേജില്‍ അവനെ കണ്ടു.
ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ രാഹുല്‍ വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു. ഒക്‌ടോബര്‍ ഏഴിന് തെരുവില്‍ ഇറങ്ങി പെണ്‍കുട്ടിയുമായി സംസാരിച്ചുനിന്ന രാഹുലിനെ ട്യൂഷനെന്ന വ്യാജേന ഒരു സംഘം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് മര്‍ദനമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാഹുല്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.