Kerala
അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി: നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

മലപ്പുറം | ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നാളുകളുടെ പേരില്‍ പൊന്നാനി പോലീസും അശ്രദ്ധമായി വാഹനമിടിച്ച് അപകടമുണ്ടാക്കിയതിന് ലോറി ഡ്രൈവര്‍ ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് വീട്ടില്‍ മുഹമ്മദ് സുഹൈലിന്റെ(29) പേരില്‍ കാടാമ്പുഴ പോലീസുമാണ് കേസെടുത്തത്. .
മലപ്പുറം വെളിയങ്കോട്ടെ ഹോട്ടലില്‍ അതിക്രമമുണ്ടായെന്നും പിന്തുടര്‍ന്ന സംഘം രണ്ടത്താണിയില്‍വെച്ച് മനഃപൂര്‍വം വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍കരീം പറഞ്ഞു.
വെളിയങ്കോട്ടെ ഹോട്ടല്‍പരിസരത്ത് ഒരുസംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായും വാഹനത്തിനു നേരെ കല്ലെറിഞ്ഞതായും കാണിച്ച് അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അനുരാഗ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം. അതേസമയം ഹോട്ടലിലോ പരിസരത്തോ സംഘര്‍ഷം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമയും ജീവനക്കാരും പറഞ്ഞു.