Connect with us

Editorial

ശ്രീറാമിന് അംഗത്വം നല്‍കിയ നടപടി പുനഃപരിശോധിക്കണം

Published

|

Last Updated

വിചിത്രവും ദുരൂഹവുമാണ് ശ്രീറാം വെങ്കിട്ടരാമനെ വ്യാജ വാര്‍ത്ത കണ്ടെത്താനുള്ള സമിതി അംഗമായി നിയമിച്ച നടപടി. കൊവിഡ് കാലത്തെ സര്‍ക്കാറിനെതിരായ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പി ആര്‍ ഡി രൂപം നല്‍കിയ ഫാക്ട് ചെക്ക് സമിതിയിലാണ് ആരോഗ്യ വകുപ്പ് ശ്രീറാമിന് “വിശിഷ്ടാംഗത്വം” നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നിയമ നടപടിക്കായി പോലീസിന് കൈമാറുകയും തെറ്റായ വാര്‍ത്തകളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയുമാണ് സമിതിയുടെ ചുമതല. ശ്രീറാമിനെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊന്ന കേസില്‍ മുഖ്യ പ്രതിയാണ് ശ്രീറാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളും ചുമത്തി ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമുണ്ട്. കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപന ചുമതല നല്‍കി നിയമിച്ചിരുന്നു. എന്നാല്‍ ഏകോപനം സാധ്യമാക്കുന്നതില്‍ അദ്ദേഹം പരാജയമാണെന്ന് ആരോപണമുയരുന്നുണ്ട്. മാത്രമല്ല, ശ്രീറാമിന്റെ ആരോഗ്യ വകുപ്പിലെ പല നടപടികളും വകുപ്പ് ഉദ്യോഗസ്ഥരുടെ പരസ്യമായ വിമര്‍ശത്തിനും വിധേയമായിട്ടുണ്ട്.

കെ എം ബഷീര്‍ മരിക്കാനിടയായ വാഹനാപകട കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെയും മറ്റും കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് സര്‍ക്കാര്‍ ആഗസ്റ്റ് അഞ്ചിന് സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കൊവിഡിന്റെ മറവില്‍ മാര്‍ച്ച് 20ന് സര്‍ക്കാര്‍ മാധ്യമ ലോകത്തെയും പൊതു സമൂഹത്തെയും കബളിപ്പിച്ച് സര്‍വീസിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയാകും മുമ്പേ തന്നെ തിരിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും എതിര്‍പ്പ് ഉയര്‍ന്നതോടെ തത്കാലം പിന്‍വലിയുകയായിരുന്നു. കേസന്വേഷണം നടന്നു കൊണ്ടിരിക്കെ ആരോഗ്യ വകുപ്പില്‍ ഉന്നത തസ്തികയിലാണ് പുനര്‍ നിയമനം നല്‍കിയത്. കേസിലെ പല സാക്ഷികളും ആരോഗ്യ വകുപ്പിലെ ജീവനക്കാരായിരിക്കെ ഈ നിയമനം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന് ബഷീറിന്റെ കുടുംബവും മാധ്യമ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളാണ്. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ബലമായി സംശയിക്കുന്നതായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ സാക്ഷിയായ അദ്ദേഹത്തിന്റെ മൊഴി നിര്‍ണായകവുമാണ്. ഡോക്ടറുടെ വകുപ്പില്‍ തന്നെ ഉന്നതോദ്യോഗസ്ഥനായി ശ്രീറാം വന്നതോടെ തന്റെ മൊഴിയില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുമോ? കേസുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകളില്‍ കൃത്രിമം വരുത്താനും സാധ്യതയുണ്ട്. വാഹനാപകടം നടന്ന ഉടനെ രക്തപരിശോധനയില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞു മാറി. ഇല്ലാത്ത രോഗം നടിച്ച് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാകുകയും രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അളവ് പോകുന്നത് വരെ അവിടെ കിടക്കുകയും ചെയ്യുക വഴി കേസ് തേച്ചുമായ്ച്ചു കളയാന്‍ തുടക്കം മുതലേ ശ്രീറാം ശ്രമിച്ചതായി വ്യക്തമായതാണ്. കേസുമായി ബന്ധപ്പെട്ട് കോടതി മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ഹാജരായിട്ടുമില്ല. അപകട സമയത്ത് നഷ്ടപ്പെട്ട ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താനാകാത്തതും ദുരൂഹമാണ്.

വകുപ്പുതല അന്വേഷണത്തില്‍ ശ്രീറാം കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നാണ് സര്‍വീസില്‍ തിരിച്ചെടുത്തതിന് സര്‍ക്കാര്‍ പറഞ്ഞ ന്യായീകരണം. എന്നാല്‍ വാഹനാപകടം നടന്നതിനു പിന്നാലെ തന്നെ ശ്രീറാമിനെ രക്ഷിക്കാന്‍ കരുനീക്കം തുടങ്ങിയതാണ് ഐ എ എസ് ലോബി. തുടക്കത്തില്‍ ശ്രീറാമിനെതിരെ കേസെടുക്കാതെ പോലീസ് ഒഴിഞ്ഞു മാറിയത് ഐ എ എസ് ലോബിയുടെ സമ്മര്‍ദ ഫലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് കേസെടുത്തത്. ഇത്തരം ഉദ്യോഗസ്ഥ മേധാവികളുടെ കാര്‍മികത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ ശ്രീറാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലല്ലേ അത്ഭുതം! ഐ എ എസുകാരനായ സഞ്ജയ് ഗാര്‍ഗയാണ് നിരവധി സാക്ഷിമൊഴികളെ അവഗണിച്ച് ശ്രീറാമിന് ക്ലീന്‍ചിറ്റ് നല്‍കിയത്. പത്രപ്രവര്‍ത്തക സംഘടനയുമായി ചര്‍ച്ച ചെയ്തും അവരുടെ സമ്മത പ്രകാരവുമാണ് പുനര്‍ നിയമനമെന്നായിരുന്നു സര്‍ക്കാറിന്റെ മറ്റൊരു അവകാശവാദം. ജേര്‍ണലിസ്റ്റ് യൂനിയന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

“സസ്‌പെന്‍ഷനായാലും ശമ്പളം നല്‍കണം. അങ്ങനെ വെറുതെയിരുന്ന് ശമ്പളം വാങ്ങേണ്ട ശ്രീറാം വെങ്കിട്ടരാമന്‍. ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ”യെന്നായിരുന്നു ശ്രീറാമിനെ തിരിച്ചെടുത്തതില്‍ ഉത്കണ്ഠപ്പെട്ട പത്രപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ പ്രതികരണം. വാദത്തിനു വേണ്ടി അത് സമ്മതിക്കാം. എന്നാല്‍ നിര്‍ണായക സമിതികളില്‍ അംഗത്വം നല്‍കി അദ്ദേഹത്തിന് വീണ്ടും അംഗീകാരം നല്‍കുന്നതിന്റെ താത്പര്യമെന്താണ്? ഭരണ സാരഥികളുടെ ഇച്ഛാശക്തിയെയും തീരുമാനത്തെയും അതിജീവിക്കാനും മറികടക്കാനും മിടുക്കരാണ് ഉദ്യോഗസ്ഥ ലോബിയെന്ന് മുമ്പ് പലപ്പോഴും കേരള സമൂഹം കണ്ടറിഞ്ഞതാണ്. കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലും അതല്ലേ നടക്കുന്നതെന്ന് സംശയിക്കപ്പെടുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ കേസില്‍ നീതിക്കായി കാത്തിരിക്കുകയാണ് ബഷീറിന്റെ വിധവയും മക്കളും ബന്ധുക്കളും മാധ്യമ കുടുംബവും കേരളീയ സമൂഹവും. ഉദ്യോഗസ്ഥ ലോബിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ഒരു ഭരണകൂടത്തിന് അവരുടെ കാത്തിരിപ്പ് വ്യര്‍ഥമാകില്ലെന്ന് ഉറപ്പ് നല്‍കാനാകുമോ? ഇന്നത്തെ സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഫാക്ട് ചെക്ക് സമിതിയില്‍ അംഗത്വം നല്‍കിയ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മദ്യപിച്ച് ലക്കില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ഭരണകൂടത്തെയും നിയമ വൃത്തങ്ങളെയും കബളിപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ശരിയായ വാര്‍ത്തകളും വ്യാജ വാര്‍ത്തകളും തരംതിരിക്കുന്നതില്‍ നീതിബോധവും സത്യസന്ധതയും പ്രകടിപ്പിക്കുമെന്ന് വിശ്വസിക്കാനാകുമോ?

Latest