Connect with us

International

മിഷിഗന്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: 13 പേര്‍ അറസ്റ്റില്‍

Published

|

Last Updated

ഡെട്രോയിറ്റ് | മിഷിഗന്‍ ഗവര്‍ണര്‍ ഗ്രെഷന്‍ വിറ്റ്‌മെറിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ 13 പേര്‍ അറസ്റ്റില്‍. വോള്‍വെറിന്‍ വാച്ച്‌മെന്‍ തീവ്രവാദ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ലാന്‍സിങിലെ കാപ്പിറ്റോള്‍ കെട്ടിടത്തിനെതിരെ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിനും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നവംബര്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്ത് കൊവിഡ് പ്രതിരോധിക്കുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയമാണെന്ന് വിറ്റ്മര്‍ ആരോപിച്ചിരുന്നു.

യു എസ് ഫെഡറല്‍ സര്‍ക്കാറിന്റെ നിയമ നിര്‍മാണ സഭയായ കാപ്പിറ്റോളിനു നേരെ ആക്രമണം നടത്താന്‍ 200 പേരടങ്ങുന്ന സംഘത്തെ റിക്രൂട്ട് ചെയ്യാനും ഇവിടെയുള്ളവരെ ബന്ദിയാക്കാനുമായിരുന്നു തീവ്രവാദി ഗ്രൂപ്പ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് മിഷിഗണ്‍ ഗവര്‍ണറെ അവരുടെ അവധിക്കാല വസതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകാമെന്ന നിലയിലേക്ക് പദ്ധതി മാറ്റുകയായിരുന്നു.

തനിക്കെതിരെ ആക്രമണം നടത്താന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ട്രംപ് പ്രോത്സാഹനം നല്‍കുകയാണെന്ന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ വിറ്റ്മര്‍ ആരോപിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബിഡനെതിരെ അടുത്തിടെ നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ വര്‍ണവെറിയന്മാരെ തള്ളിപ്പറയാന്‍ ട്രംപ് തയാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Latest