യാത്രക്കാരുടെ വർധനവ്: കണ്ണൂരിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾ

Posted on: October 9, 2020 1:20 pm | Last updated: October 9, 2020 at 1:22 pm

മട്ടന്നൂർ | കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രതിദിന ഇൻഡിഗോ വിമാന സർവീസ് തുടങ്ങി. നേരത്തേയുള്ളതിൽ നിന്ന് അധികമായാണ്  നോൺ സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചത്.
ഇതിനുപുറമെ ഈ മാസം 16 മുതൽ ഇൻഡിഗോ കണ്ണൂർ-ചെന്നൈ, ചെന്നൈ-കണ്ണൂർ പ്രതിദിന നോൺ സ്റ്റോപ്പ് വിമാന സർവീസ് ആരംഭിക്കും. നിലവിൽ ഹൈദരാബാദിനും കണ്ണൂരിനുമിടയിൽ പ്രതിദിന ഒരു നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് മാത്രമേയുള്ളൂ. ഇതിനു പുറമെയാണ് ഇന്നലെ മുതൽ അധികമായി സർവീസ് നടത്തുന്നത്. കണ്ണൂരിൽ നിന്നും ബെംഗളൂരുവിലേക്ക് മാത്രമേ നേരത്തെ രണ്ട് പ്രതിദിന നോൺ സ്റ്റോപ്പ് വിമാനമുള്ളൂ. യാത്രക്കാരുടെ വർധനവ് കണക്കിലെടുത്താണ് രാജ്യാന്തര വിമാന സർവീസുകളുടെയും എണ്ണം കൂട്ടിയത്. ചെന്നൈയിലേക്ക് മൂന്ന് പ്രതിവാര വിമാനങ്ങളാണ് നേരത്തേയുണ്ടായിരുന്നത്. കൂടാതെ കൊച്ചി, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് മൂന്ന് പ്രതിവാര നോൺ സ്റ്റോപ്പ് വിമാനവും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് നാല് പ്രതിവാര നോൺ സ്റ്റോപ്പ് വിമാന സർവീസുമുണ്ട്.

എയർ ബബിൾ നോൺ ഷെഡ്യൂൾ ഫ്ലൈറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഡിഗോ പ്രതിവാര ഷാർജ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്ക് ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് കൂടുതൽ പേർ യാത്രക്കായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തെ ആശ്രയിക്കുന്നതിനെ തുടർന്നാണ് ഇൻഡിഗോ കൂടുതൽ സർവീസുകൾ നടത്താൻ മുന്നോട്ട് വന്നതെന്ന് കിയാൽ അധികൃതർ “സിറാജി’നോട് പറഞ്ഞു.