Connect with us

Covid19

മസ്ജിദുല്‍ ഹറമില്‍ അണുനശീകരണ ജോലികള്‍ക്ക് റോബോട്ടുകളും

Published

|

Last Updated

മക്ക | ഉംറ തീര്‍ഥാടനം പുനരാരംഭിച്ചതോടെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണത്തിന് റോബോട്ടിക് സാങ്കേതിക വിദ്യയും സജ്ജമായി. പുതിയ മള്‍ട്ടിപര്‍പ്പസ് റോബോട്ടിക് സംവിധാനങ്ങളുടെ ഉദ്ഘാടനം ഡോ. അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സുദൈസ് നിര്‍വഹിച്ചു. ഹറം അണുവിമുക്തമാക്കല്‍ പ്രവൃത്തികള്‍ ഓട്ടോമാറ്റിക്ക് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. മണിക്കൂറില്‍ 23.8 ലിറ്റര്‍ അണുവിമുക്ത സ്‌പ്രേ ജോലികള്‍ നിര്‍വഹിക്കാന്‍ സംവിധാനത്തിന് കഴിയും. കൂടാതെ മാപ്പിംഗിനായി ഉയര്‍ന്ന നിലവാരമുള്ള റഡാര്‍ സഹിതമുള്ള കാമറയും സംവിധാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട് റോബോട്ട് ഉപകരണത്തിന് യൂറോപ്യന്‍ സി ഇ സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകളും ലഭ്യമായിട്ടുണ്ട്. റോബോട്ട് സംവിധാനം കൂടാതെ പ്രത്യേക മെഡിക്കല്‍ സംഘവും കൊവിഡ് പ്രതിരോധത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

ഹറം ശരീഫ് ഞായറാഴ്ച മുതല്‍ ഉംറക്കായി തുറന്നു കൊടുത്തതോടെ ദിനം പ്രതി ആറായിരം പേരാണ് ആറ് സമയങ്ങളിലായി ഉംറ നിര്‍വഹിക്കാനെത്തുന്നത്. ഹറമിലെത്തുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതെന്ന് ഹറം കാര്യാലയം അറിയിച്ചു.

---- facebook comment plugin here -----

Latest