Connect with us

National

മുന്‍ സിബിഐ ഡയറക്ടര്‍ അശ്വിനി കുമാറിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | സിബിഐ മുന്‍ ഡയറക്ടറും മണിപ്പൂരിന്റെയും നാഗാലാന്‍ഡിന്റെയും മുന്‍ ഗവര്‍ണറുമായ അശ്വനി കുമാറിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് ഷിംലയിലെ വസതിയില്‍ മൃതദേഹം കണ്ടെത്തിയത്. 69 വയസ്സായിരുന്നു. ഏതാനും ആഴ്ചകളായി അദ്ദേഹം വിഷാദത്തിന് അടിമയായിരുന്നുവെന്ന് ഷിംല പോലീസ് സൂപ്രണ്ട് മോഹിത് ചൗള പറഞ്ഞു.

ആത്മഹത്യയാണെന്നാണ് സംശയം. ജീവിതം മടുത്തുവെന്നും അടുത്ത യാത്രക്ക് പുറപ്പെടുകയാണെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില് നിന്നുള്ള ഒരു സംഘവും ശ്രീകുമാറിന്റെ വീട്ടിലെത്തി.

ഹിമാചല്‍ പ്രദേശ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീകുമാര്‍. നാലു പതിറ്റാണ്ടോളം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിച്ച അദ്ദേഹം 2006 നും 2008 നും ഇടയില്‍ സംസ്ഥാന ഡി.ജി.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടറായി രണ്ടു വര്‍ഷം സേവനമനുഷ്ടിച്ചു. സിബിഐ തലവനായി ചുമതയയേറ്റ സംസ്ഥാനത്തെ ആദ്യ പോലീസ് ഓഫീസറായിരുന്നു അദ്ദേഹം.

കുപ്രസിദ്ധമായ ആരുഷി തല്‍വാര്‍ വധക്കേസ് അന്വേഷണത്തിന് അദ്ദേഹമായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഏജന്‍സി അന്വേഷണം ആരംഭിച്ചശേഷം ഡയറക്ടര്‍ ആയി നിയമിതനായ ശ്രീ കുമാര്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആരുഷിയെ മാതാപിതാക്കളാണ് കൊലപ്പെടുത്തിയതതെന്ന് കണ്ടെത്തിയത് ഈ സംഘമാണ്.

2013 മുതല്‍ 2014 വരെ നാഗാലാന്‍ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ആ കാലയളവിനിടയില്‍ തന്നെ കുറച്ചുകാലം മണിപ്പൂര്‍ ഗവര്‍ണറായും സേവനം ചെയ്തു.