Connect with us

National

ബിഹാര്‍, യു പി പോലെ ബാംഗാളിലും മാഫിയ രാജ്; ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ കുടുങ്ങി ബി ജെ പി

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും ബിഹാറിലേയും യു പിയിലേതുംപോലെ മാഫിയകളാണ് എല്ലാം നിയന്ത്രിക്കുന്നതെന്നുമുള്ള ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ പാര്‍ട്ടി പ്രതിരോധത്തില്‍.

ബംഗാളില്‍ മാഫിയകള്‍ നിയന്ത്രിക്കുന്ന തരത്തില്‍ ക്രമസമാധാനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്. എന്നാല്‍
ബി ജെ പി ഭരണത്തിലുള്ള ബിഹാറിലും യുപിയിലും മാഫിയ രാജാണെന്ന് സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ബംഗാളില്‍ ബി ജെ പി കൗണ്‍സിലര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് ദിലീപ് ഘോഷ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തിയത്.

ഉത്തര്‍പ്രദേശിലും ബിഹാറിലും മാഫിയ രാജാണുള്ളത്. പശ്ചിമ ബംഗാളും ഈ അവസ്ഥയിലേക്ക് പോകുകയാണ്. പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് കൗണ്‍സിലര്‍ മനീഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടത് ലജ്ജാകരമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മനീഷ് ശുക്ലയെപ്പോലുള്ള നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന്ക്ക് പോലീസിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് ആരോപിച്ചു. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഈ അവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് തിതാഗഡ് മുനിസിപ്പാലിറ്റിയിലെ ബിജെപി കൗണ്‍സിലറായമനീഷ് ശുക്ലയെ ബൈക്കിലെത്തിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.

Latest