Kerala
ലൈഫ് മിഷന്‍: സി ബി ഐ ആവശ്യം നിരാകരിച്ച് വിജിലന്‍സ് മുന്നോട്ട്

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കലുള്ള രേഖകള്‍ സി ബി ഐക്ക് കൈമാറേണ്ടെന്ന് വിജിലന്‍സ് തീരുമാനം. ഫയലുകള്‍ അന്വേഷണ സംഘം തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. കേന്ദ്ര ഏജന്‍സി ആവശ്യപ്പെടുന്നതുകൊണ്ടും ഇതിനായി ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ക്കൊണ്ടും രേഖകള്‍ വിട്ടുനല്‍കാനാകില്ലെന്ന നിലപാടാണ് വിജിലന്‍സിനുള്ളത്. സി ബി ഐക്ക് വേണമെങ്കില്‍ കോടതിയില്‍ നിന്ന് വാങ്ങിയെടുക്കാമെന്നും ഇവര്‍ പറുന്നു.
യു എ ഇ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കമീഷന്‍ പറ്റി എന്നതുള്‍പ്പെടെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം വരുമെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സി ബി ഐ എത്തും മുമ്പ് ലൈഫ് മിഷന്‍ ആസ്ഥാനം, തദ്ദേശസ്വയംഭരണ വകുപ്പ്, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലെത്തിയ വിജിലന്‍സ് സംഘം നിര്‍ണായക ഫയലുകള്‍ കരസ്ഥമാക്കി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട നിയമോപദേശം ഉള്‍പ്പെടെ നാല് പ്രധാന ഫയലുകളാണ് സെക്രട്ടേറിയറ്റില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത്.
ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനായിരുന്നു വിജിലന്‍സിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. അതിന്റെ ഭാഗമായാണ് കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചത്.