Kerala
സ്വര്‍ണക്കടത്ത് : ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി | തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണംകടത്തിയ കേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്‍ ഐ എയുടെ കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറത്ത് യു എ പി എ ചുമത്താന്‍ പറ്റുന്ന തെളിവുകള്‍ എവിടെ എന്ന് കോടതി പലവട്ടം ചോദിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാറിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരാകുന്നത്. ഇതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിലവിലെ അന്വേഷണ പുരോഗതി ഇഡിയും ഇന്ന് കോടതിയെ അറിയിക്കും. കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഒമ്പത് മണിക്കൂര്‍ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രി 11.30നാണ് അവസാനിച്ചത്. സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.