Connect with us

Editorial

സ്‌കൂളുകളുടെ അക്കാദമിക് നിലവാരവും വളരണം

Published

|

Last Updated

സംസ്ഥാനം കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു കൊണ്ടിരിക്കുന്നുവെന്നത് സന്തോഷകരമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു കീഴില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിവസത്തെ കര്‍മ പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുകയുണ്ടായി. 35 വിദ്യാലയങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ ഒമ്പതിനും നിര്‍വഹിക്കപ്പെട്ടിരുന്നു.

കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്തും വേണം. ഉയര്‍ന്ന പഠന നിലവാരം, ഹൈടെക് ക്ലാസുകള്‍, മികച്ച അധ്യാപകര്‍ തുടങ്ങിയവയെല്ലാം വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചക്ക് ആവശ്യമാണ്. ഇതടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര സ്‌കൂളുകളുടെ നിലവാരത്തില്‍ ഹൈടെക്കാക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. കിഫ്ബിയുടെയും നബാര്‍ഡിന്റെയും മറ്റും സഹായത്തോടെയാണ് വിവിധ സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിതു കൊണ്ടിരിക്കുന്നത്. കെട്ടിട നവീകരണത്തോടൊപ്പം പൊതു സ്ഥാപനമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കിറ്റ്) മേല്‍നോട്ടത്തില്‍ ക്ലാസ് മുറികളില്‍ ലാപ്‌ടോപുകളും പ്രൊജക്ടറുകളും മറ്റു ആധുനിക ഉപകരണങ്ങളും സജ്ജീകരിക്കുന്നുമുണ്ട്.
ഒരു സ്‌കൂളിന്റെ നവീകരണത്തിന് അഞ്ച് കോടി രൂപയാണ് കണക്കാക്കുന്നത്. മഹാ പ്രളയം, കൊവിഡ് മഹാമാരി, ജി എസ് ടി നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നുള്ള കേന്ദ്രത്തിന്റെ ഒഴിഞ്ഞുമാറ്റം തുടങ്ങിയ കാരണങ്ങളാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതേറെ ശ്രമകരമാണ്. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകളുടെയും സമൂഹത്തിന്റെയും വാണിജ്യ, വ്യവസായ മേഖലയുടെയും സഹകരണം കൂടി ആവശ്യമാണ്. കോഴിക്കോട് നടക്കാവിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്ഥലം എം എല്‍ എ പ്രദീപ്കുമാര്‍ ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചിരുന്നു. സര്‍ക്കാറിനെ മാത്രം ആശ്രയിക്കാതെ സ്വകാര്യ വ്യക്തികളെയും സ്വയംഭരണ ഏജന്‍സികളെയും മറ്റും ഉപയോഗപ്പെടുത്തിയാണ് പ്രസ്തുത സ്‌കൂളിന്റെ വികസനം പൂര്‍ത്തീകരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനൊപ്പം അധ്യാപകര്‍ക്ക് പ്രത്യേക ട്രൈനിംഗ് ഏര്‍പ്പെടുത്തിയും മറ്റും വിദ്യാര്‍ഥികളുടെ പാഠ്യ, പാഠ്യേതര വിഷയങ്ങളിലെ മികവിനു വേണ്ട പദ്ധതിയും തയ്യാറാക്കി. സംസ്ഥാനത്തെ മറ്റു ചില പ്രദേശങ്ങളിലും നടന്നു വരുന്നുണ്ട് പൊതു സമൂഹത്തിന്റെ സഹകരണത്തോടെയുള്ള സ്‌കൂള്‍ നവീകരണങ്ങള്‍. ഇതൊരു അനുകരണീയ മാതൃകയാണ്.

കെട്ടിടങ്ങളുടെ നവീകരണത്തോടൊപ്പം അതിപ്രധാനമാണ് വിദ്യാലയങ്ങളിലെ പഠന നിലവാര പുരോഗതി. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക് നിലവാരവും ഉയരണം. കേരളം നൂറ് ശതമാനം സാക്ഷരത കൈവരിക്കുകയും നിതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര ഇന്‍ഡക്‌സില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്ര മെച്ചമല്ല സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം. എസ് എസ് എല്‍ സി വിജയിച്ച് പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികളില്‍ സ്വന്തം പേര് തെറ്റില്ലാതെ എഴുതാന്‍ അറിയാത്തവര്‍ പോലുമുണ്ടെന്നത് ഒരു ദുഃഖ സത്യമാണ്. ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികളില്‍ സ്വന്തമായി ഇംഗ്ലീഷില്‍ അപേക്ഷ തയ്യാറാക്കാന്‍ കഴിയുന്നവര്‍ എത്രപേരുണ്ട്? ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ മലയാളികളുടെ വിജയ ശതമാനം എത്രയാണ്? യു പി എസ് സി പരീക്ഷകള്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുമ്പോള്‍ കേരളീയര്‍ ഇവിടെയും പിന്തള്ളപ്പെടുന്നു. ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ വരവ് തുലോം പരിമിതമാണെന്നതും നമ്മുടെ പഠന നിലവാരത്തിന്റെ മാറ്റുകുറവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കു കൂടി സഹായകമായ രീതിയിലാണ് ആധുനിക രാഷ്ട്രങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബസ് ചിട്ടപ്പെടുത്തുന്നതും വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക വഴി സാമ്പത്തിക വളര്‍ച്ച നേടിയ രാജ്യങ്ങളാണ് ഇറ്റലി, അയര്‍ലാന്‍ഡ്, ബെല്‍ജിയം തുടങ്ങിയവ. രാജ്യത്തിനൊരു മുതല്‍ക്കൂട്ടാണ് ഇവിടങ്ങളിലെ വിദ്യാസമ്പന്നരായ ആളുകള്‍. അതേസമയം, കേരളത്തിലെ വിദ്യാസമ്പന്നരില്‍ ഏറെയും സംസ്ഥാനത്തിനും രാജ്യത്തിനും ഒരു ബാധ്യതയായി മാറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പോരായ്ക മാത്രമല്ല ഈ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് കാരണം, താഴേത്തട്ടിലെ കൂടി നിലവാരത്തകര്‍ച്ചയുടെ ഫലമാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഹൈടെക്കാക്കുകയും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം പഠന നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടത്, “കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും സജ്ജീകരിച്ചതു കൊണ്ട് മാത്രം വിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിലേക്കുയരില്ല” എന്നാണ്. അതിന് ഭാഷ, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആസ്വാദ്യകരമാക്കാനും അവരെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനും സഹായകമായ സമഗ്രമായ അക്കാദമിക് മാസ്റ്റര്‍ പ്ലാനും സമയ ബന്ധിതമായി അത് നടപ്പാക്കാനുള്ള കര്‍മ പദ്ധതികളും ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലെ തന്നെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.