Connect with us

National

ശഹിന്‍ബാഗ് സമരത്തിനെതിരായ ഹരജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ വിരുദ്ധ സമരത്തിനെതിരെ ഈ വര്‍ഷം ആദ്യം ഡല്‍ഹിയിലെ ശഹീന് ബാഗില്‍ നടന്ന സമരത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും. മറ്റുള്ളവര്‍ക്ക് അസൗകര്യം സൃഷ്ടിക്കുംവിധം പൊതുസ്ഥലത്ത് അനിശ്ചിതകാല സമരം നടത്താന്‍ സാധിക്കുമോ, പ്രതിഷേധത്തിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ കോടതിയുടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സമരങ്ങള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു പൊതു നയം ഉണ്ടാക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസുമാരായ എസ് കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറയുക. സെപ്തംബര് 21നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പാര്‍ലമെന്റിലും റോഡുകളിലും പ്രതിഷേധങ്ങള്‍ ഉണ്ടാകാം. എന്നാല്‍ റോഡുകളില്‍, അത് സമാധാനപരമായിരിക്കണമെന്ന് വാദം കേള്‍ക്കവെ കോടതി വ്യക്തമാക്കിയിരുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങിയ പ്രതിഷേധക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ ഗൂഢാലോചനയുടെ പേരില്‍ റോഡുകളും ജനജീവിതവും തടസ്സപ്പെടുത്തുന്നുവെന്നാണ് ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ പരാതി. ഗതാഗത തടസ്സം നീക്കണമെന്നും പൊതുസ്ഥലത്തെ സമരങ്ങള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.

പൗരത്വ (ഭേദഗതി) ആക്ട്, എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്), എന്‍പിആര്‍ (ദേശീയ ജനസംഖ്യ രജിസ്റ്റര്‍) എന്നിവയ്‌ക്കെതിരെ രാജ്യം കണ്ട പ്രക്ഷോഭങ്ങളില്‍ ഏറ്റവഉം ശക്തിയേറിയതായിരുന്നു ഷഹിന്‍ബാഗില്‍ കണ്ടത്. തെക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടന്ന സമരം മൂന്ന് മാസത്തോളം നീണ്ടുനിന്നിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. സമരനായികയായ 82 വയസ്സുള്ള ബില്‍ക്കീസ് ദാദിയെ ടൈം മാഗസിന്‍ 2020ലെ ഏറ്റവും സ്വാധീനമുള്ള നൂറ് ആളുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.