Connect with us

National

ഹത്രാസില്‍ ക്രൂരത തുടരുന്നു; ലൈംഗിക പീഡനത്തിനിരയായ ആറ് വയസുകാരി കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നുള്ള കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. മറ്റൊരു ആറു വയസുകാരി പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹത്രാസിലെ 19കാരി ദളിത് യുവതി ക്രൂരപീഡനത്തിനിരയായി മരിച്ചതില്‍ രാജ്യമാകെ പ്രതിഷേധിക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അതേ ജില്ലയില്‍ നിന്നുള്ള ബാലിക മാനഭംഗത്തിനിരയായി മരിച്ചത്.

അടുത്ത ബന്ധുവായ 15കാരന്റെ പീഡനത്തില്‍ നിന്നു കഴിഞ്ഞ മാസം 17ന് രക്ഷപെടുത്തിയ ബാലിക തിങ്കളാഴ്ചയാണു മരണത്തിനു കീഴടങ്ങിയത്. ഹത്രാസിന്റെ സമീപ ജില്ലയായ അലിഗഡിലെ ഇഗ്ലസ് ഗ്രാമത്തിലെ വീട്ടില്‍ കൊണ്ടുപോയി ബാലികയെ പീഡിപ്പിച്ച ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു. ബാലികയുടെ അമ്മയുടെ സഹോദരിയുടെ മകനാണു പ്രതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

പീഡനത്തില്‍ അവശയായ ബാലികയെ ഉടന്‍ തന്നെ അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസം മുമ്പു വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

ഹത്രാസിലെ അയല്‍വാസികളായ ഉന്നതജാതിക്കാര്‍ ക്രൂരമായി പീഢിപ്പിച്ച ദളിത് യുവതിയെയും അലിഗഡിലെയും ഡല്‍ഹിയിലെയും ഇതേ ആശുപത്രികളിലായിരുന്നു ചികില്‍സിച്ചത്.

അറസ്റ്റിലായ 15കാരന്റെ അമ്മയും പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുമായ സ്ത്രീയുടെ കൂടി അറിവോടെയായിരുന്നു പീഡനമെന്നാണു പോലീസിന്റെ സംശയം. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.

പ്രതിയെയും സഹായം നല്‍കിയ അമ്മയെയും അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ഇഗ്ലസിലെ പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്പെക്ടറെ അലിഗഡ് എസ്പി ജി. മുനിരാജ് സസ്പെന്‍ഡു ചെയ്തു.

---- facebook comment plugin here -----

Latest