Connect with us

Business

മൗണ്ടെയ്ന്‍ ഡ്യൂ ട്രേഡ് മാര്‍ക്ക്: പെപ്‌സികോക്കെതിരായ നിയമപോരാട്ടത്തില്‍ ഇന്ത്യൻ കമ്പനിക്ക് വിജയം

Published

|

Last Updated

മാഗ്ഫാസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഗസിയുദ്ദീന്‍

ഹൈദരാബാദ് | മൗണ്ടെയ്ന്‍ ഡ്യൂ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാനുള്ള നിയമ പോരാട്ടത്തില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗ്ഫാസ്റ്റ് ബീവറേജസിന് വിജയം. ആഗോള ഭീമനായ പെപ്‌സികോയുമായാണ് മാഗ്ഫാസ്റ്റ് നിയമപോരാട്ടം നടത്തിയത്. 2000ലാണ് മൗണ്ടെയ്ന്‍ ഡ്യൂ എന്ന പേരില്‍ കുടിവെള്ളം വില്‍ക്കാന്‍ ആരംഭിച്ചതെന്ന് മാഗ്ഫാസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഗസിയുദ്ദീന്‍ പറഞ്ഞു.

തന്റെ കമ്പനിയുടെ കീഴില്‍ ഇറക്കിയ മൗണ്ടെയന്‍ ഡ്യൂ എന്ന പേരിലുള്ള കുടിവെള്ളത്തിന് വളരെ പെട്ടെന്ന് ദേശീയതലത്തില്‍ വരെ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. അമേരിക്കന്‍ കമ്പനിയായ പെപ്‌സികോ 2003ലാണ് മൗണ്ടെയ്ന്‍ ഡ്യൂ എന്ന പേരില്‍ ശീതള പാനീയം ആരംഭിച്ചത്. തുടര്‍ന്ന് ട്രേഡ്മാര്‍ക്ക് ലംഘിച്ചെന്ന് കാണിച്ച് പെപ്‌സികോ തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ തന്റെ കമ്പനിക്കെതിരെ കേസ് കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഹൈക്കോടതി പെപ്‌സികോയുടെ ഹരജി തള്ളുകയും അഡ്വക്കറ്റ് കമ്മീഷണറെ വെക്കുകയും ചെയ്തു. കേസ് ഹൈദരാബാദ് നഗരത്തിലേക്ക് മാറ്റാന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയും അനുകൂല വിധി ലഭിക്കുകയും ചെയ്തുവെന്ന് സയ്യിദ് ഗാസിയുദ്ദീന്‍ പറഞ്ഞു. 15 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 31നാണ് പെപ്‌സികോയുടെ എല്ലാ വാദങ്ങളും കോടതി തള്ളിയത്. കോടതി ഉത്തരവ് ഇപ്പോഴാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേസ് പരാജയപ്പെട്ടതിനാല്‍ പെപ്‌സികോ നഷ്ടപരിഹാരം നല്‍കേണ്ടി വരും.

Latest