Connect with us

Kerala

ആരോഗ്യ വകുപ്പിന് പുഴുവരിച്ചു എന്നു പറയുന്നത് മനസ്സ് പുഴുവരിച്ചവര്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നുവെന്ന് പ്രസ്താവിച്ച ഐ എം എക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധര്‍ എന്ന് സ്വയം കരുതുന്നവര്‍ നാടിനെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ധരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ധര്‍ എന്നു സ്വയം കരുതുന്നവരെയും പറയുന്നവരെയും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. മനസ്സ് പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യ വകുപ്പിന് പുഴുവരിച്ചു എന്നൊക്കെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടാകും. എന്നാല്‍ ഇതൊന്നും കേരളത്തില്‍ ഏശാന്‍ പോകുന്നില്ല.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയുണ്ടെങ്കില്‍ അതേക്കുറിച്ച് സര്‍ക്കാരിനെ നേരിട്ടറിയിക്കാവുന്നതാണ്. വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിനെതിരെ ചിലര്‍ ആരോപണങ്ങളുമായി രംഗത്തുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ ഉചിതമായതാണോ എന്ന് അവര്‍ സ്വയം പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയില്‍ കുറവുണ്ടായതിനാലാണ് വ്യാപനം കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മരണനിരക്കും ഉയര്‍ന്നേക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയാറാവണം. തുടക്കത്തിലുണ്ടായിരുന്ന നില തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നു തന്നെയാണ് വിശ്വാസമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

മികച്ച പ്രതിരോധ നടപടികള്‍ സ്വീകരിച്ചതു കൊണ്ടാണ് കൊവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചതെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പില്‍ പുഴുവരിക്കുന്നു എന്നു പറയുന്നവരുടെ മനോവ്യാപാരം അസഹനീയമാണ്. കൊവിഡ് ബ്രിഗേഡില്‍ ചേര്‍ന്നവരില്‍ പലരും ജോലി ചെയ്യാന്‍ എത്തിച്ചേരാത്ത സ്ഥിതിയുണ്ടെന്നും ഇതുകൊണ്ടാണ് പല സേവനങ്ങള്‍ക്കും മതിയായ ജീവനക്കാരെ വിന്യസിക്കാന്‍ സാധിക്കാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest