Connect with us

Kerala

രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ല; വിജിലന്‍സിന് മുന്നില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ലെന്നും സോന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കി.

താന്‍ വാങ്ങി നല്‍കിയ ഐ ഫോണുകള്‍ രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് വിതരണം ചെയ്തുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍നിന്നാണ് അദ്ദേഹം ഇപ്പോള്‍ മലക്കം മറഞ്ഞിരിക്കുന്നത്.

തനിക്കെതിരായ ആരോപണത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീല്‍ നോട്ടിസ് അയച്ചു. അല്ലാത്തപക്ഷം മാനനഷ്ടത്തിന് ഒരുകോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് സന്തോഷ് ഈപ്പന്റെ മൊഴിമാറ്റം.

രമേശ് ചെന്നിത്തലക്ക് നല്‍കാനായി സ്വപ്ന സുരേഷ് തന്റെ പക്കല്‍നിന്ന് ഐഫോണുകള്‍ വാങ്ങിയെന്ന് വടക്കാഞ്ചേരി ലൈഫ് ഫ്‌ലാറ്റുകളുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോപിച്ചത്.

ഇതോടെയാണ് ഐഎംഇഐ നമ്പര്‍ ശേഖരിച്ച് ആ ഫോണുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമെന്ന് കണ്ടെത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. ഐഫോണ്‍ ആരോപണത്തിന് പിന്നില്‍ സിപിഎം ആണെന്നും ചെന്നിത്തല പറഞ്ഞു. സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലെ പരാമര്‍ശം ഉടനടി കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുപിടിച്ചത് ഇതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.