National
75 കോടി രൂപയുടെ അനധികൃത സ്വത്ത്; ഡി കെ ശിവകുമാറിന് എതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി | കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ. ശിവകുമാറിനെതിരെ സിബിഐ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. മന്ത്രിയായിരുന്ന കാലത്ത് 75 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
ശിവകുമാറുമായും സഹോദരന്‍ ഡി.കെ. സുരേഷുമായും ബന്ധപ്പെട്ട 14 സ്ഥലങ്ങളില്‍ തിങ്കളാഴ്ച സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. കര്‍ണാടകയിലെ ഒന്‍പത് സ്ഥലങ്ങളിലും ഡല്‍ഹിയില്‍ നാലിടങ്ങളിലും മുംബൈയില്‍ ഒരിടത്തുമാണ് ഒരേസമയം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വസ്തു രേഖകള്‍ അടക്കം ചില സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. 57 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു.
അതേസമയം, ബി.ജെ.പി. തന്നെ വേട്ടയാടുകയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. അനീതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ തന്നെ തടയാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും ഇതിനെതിരെ ജനങ്ങളുടെ കോടതിയില്‍ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.