Kerala
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കും; സാലറി കട്ടില്‍നിന്നും സംസ്ഥാനം പിന്‍മാറിയേക്കും

തിരുവനന്തപുരം | ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയേക്കും. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം. ഇക്കാര്യത്തില്‍ അടുത്ത ജിഎസ്ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. ജിഎസ്ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച പണം ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അയവുണ്ടാകും.
വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളും നിലപാടെടുത്തു. മറ്റ് സാധ്യതകള്‍ തേടണമെന്ന് സിപിഎം സെക്രട്ടറിയേറ്റും നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ജിഎസ്ടി യോഗത്തില്‍ നഷ്ടപരിഹാരവും വായ്പയുമായി ഏകദേശം 7000 കോടി രൂപ കിട്ടുമെന്ന ഉറപ്പ് ലഭിക്കുന്നത്.
ഈ പണം കിട്ടുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ഇതോടെയാണ് സാലറി കട്ടില്‍ നിന്ന പിന്നോട്ട് പോകാന്‍ ധനവകുപ്പ് തീരുമാനിച്ചത്.