Business
സുരക്ഷാ പ്രശ്‌നങ്ങള്‍; ലണ്ടനില്‍ ഒലക്ക് ലൈസന്‍സ് ലഭിച്ചില്ല

ലണ്ടന്‍ | ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലക്ക് ലണ്ടനില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. യാത്രക്കാരുടെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ പൊതു ഗതാഗത അതോറിറ്റിയായ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) ലൈസന്‍സ് നിഷേധിച്ചത്.
ലൈസന്‍സ് നേടാന്‍ ടാക്‌സി ആപ്പ് യോജ്യമല്ലെന്നും ശരിയായ രീതിയിലുള്ളതല്ലെന്നും ടി എഫ് എല്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലണ്ടന്‍ ടാക്‌സി വിപണിയിലേക്ക് ബെംഗളൂരു ആസ്ഥാനമായ ഒല പ്രവേശിച്ചത്. ഒലയുടെ എതിരാളികളായ ഉബര്‍, ഫ്രീനൗ, ബോള്‍ട്ട്, പരമ്പരാഗത കറുത്ത ടാക്‌സികള്‍ തുടങ്ങിയവ അടക്കിവാഴുന്ന വിപണിയാണ് ലണ്ടനിലേത്.
ലണ്ടന്‍ പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ (പി എച്ച് വി) പ്രവര്‍ത്തന ലൈസന്‍സ് ആണ് ഒലക്ക് ലഭിക്കാതിരുന്നത്. ആപ്പിന് നിരവധി വീഴ്ചകളുണ്ടെന്നാണ് ടി എഫ് എല്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ലൈസന്‍സ് റദ്ദാക്കപ്പെട്ട ഉബര്‍ നിയമ പോരാട്ടം നടത്തി വിജയിച്ച് ദിവസങ്ങള്‍ക്കകമാണ് ടി എഫ് എല്ലിന്റെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.