Connect with us

Articles

യോഗിയുടെ ഗുജറാത്ത് ദളിതുകളെ വിരുന്നൂട്ടുന്ന വിധം

Published

|

Last Updated

പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പലതിനും സാക്ഷിയാകുകയാണ് രാജ്യം. ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുകയാണ്. ഇരയായ പെണ്‍കുട്ടിയുടെ ശരീരം, ബന്ധുക്കളെപ്പോലും കാണിക്കാതെ കത്തിച്ചുകളഞ്ഞ ഭരണകൂടം, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് ലോകം അറിയരുതെന്ന നിര്‍ബന്ധ ബുദ്ധി കാണിക്കുകയും ചെയ്തു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണുന്നത് തടയാനും പരമാവധി ശ്രമിച്ചു ആദിത്യനാഥ് ഭരണകൂടം. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം ആദിത്യനാഥ് ഭരണകൂടവും സംഘ്പരിവാരവും തുടരുമെന്ന് തന്നെ കരുതണം. രാഹുലടക്കമുള്ള നേതാക്കളുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് അന്വേഷണം സി ബി ഐക്ക് കൈമാറിയ നടപടി അതിന്റെ സൂചനയായി മാത്രമേ കാണാനാകൂ.

ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രമുള്ള നിലപാടായി ഇതിനെ കാണാനാകില്ല. അതിനപ്പുറത്തുള്ള രാഷ്ട്രീയം യു പിയിലെ സംഭവങ്ങള്‍ക്കുണ്ട്. 2014 മുതലിങ്ങോട്ടുള്ള കണക്കെടുത്താല്‍ യു പിയില്‍ ദളിതുകളുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചതായി കാണാം. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്ക് മാത്രമേ ഇതിലുള്ളൂ. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ ധാരാളമുണ്ടാകാം. ഒരുപക്ഷേ, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ അധികം.
വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടിക്കൊണ്ടാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഉത്തര്‍ പ്രദേശില്‍ വലിയ വിജയം നേടിയത്. ലവ് ജിഹാദെന്ന വ്യാജം പ്രചരിപ്പിച്ച്, മുസഫര്‍ നഗറില്‍ ആസൂത്രിതമായി സംഘടിപ്പിച്ച വര്‍ഗീയ കലാപത്തിലൂടെ മുസ്‌ലിംകളോടുള്ള വെറുപ്പ് വളര്‍ത്തിയാണ് ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം സംഘ്പരിവാരം സാധിച്ചെടുത്തത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2018ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേടിയ വലിയ വിജയങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന്റെ തുടര്‍ച്ചയില്‍ തന്നെയായിരുന്നു. ഈ വലിയ വിജയങ്ങള്‍ നേടുമ്പോഴും ഉത്തര്‍ പ്രദേശിലെ ദളിതുകള്‍ വലിയൊരളവില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്കൊപ്പം തുടര്‍ന്നിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റിലും വിജയിക്കാനായില്ലെങ്കിലും 19.8 ശതമാനം വോട്ട് അവര്‍ നേടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 ശതമാനം വോട്ടാണ് അവര്‍ക്കുണ്ടായിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് 19.43 ശതമാനം വോട്ട് ബി എസ് പി നേടി.

ഉത്തര്‍ പ്രദേശിലെ സവര്‍ണ വിഭാഗങ്ങളുടെ പിന്തുണ ഏതാണ്ട് പൂര്‍ണമായി ഉറപ്പിക്കാനും സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് ബേങ്കില്‍ വിള്ളല്‍ വീഴ്ത്താനും ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദളിത് വിഭാഗങ്ങളുടെ പിന്തുണ വലിയ തോതില്‍ ആര്‍ജിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ബി ജെ പി വലിയ വിജയം നേടിയ മൂന്ന് തിരഞ്ഞെടുപ്പുകളിലും 20 ശതമാനം വോട്ട് ഉറപ്പാക്കാന്‍ ബി എസ് പിക്ക് സാധിച്ചു. സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ 26 ശതമാനത്തോളമാണ് പട്ടിക ജാതിക്കാരെന്നത് കണക്കിലെടുക്കുമ്പോള്‍ ബി എസ് പിയുടെ ദളിത് വോട്ട് ബേങ്ക് വലിയ പരുക്കില്ലാതെ തുടരുന്നുവെന്ന് കരുതാം. ഇതില്‍ വിള്ളലുണ്ടാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി വേണം 2014 മുതലിങ്ങോട്ട് സംസ്ഥാനത്ത് ദളിത് വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കാണാന്‍. 2017ല്‍ ബി ജെ പി സംസ്ഥാനത്ത് അധികാരത്തില്‍ വരികയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തതിന് ശേഷം ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്. ഉയര്‍ന്ന ജാതി വിഭാഗവും ബി ജെ പിയുടെ പ്രധാന വോട്ട് ബേങ്കുമായ താക്കൂര്‍ വിഭാഗത്തില്‍ നിന്നാണ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നും കാണാം. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ദളിതുകളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് പലപ്പോഴും തയ്യാറാകാറുമില്ല.

അതിന്റെ തുടര്‍ച്ചയാണ് ഹാഥ്‌റസിലും നമ്മള്‍ കാണുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് മരിക്കുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന നടത്തുന്നത് എട്ട് ദിവസത്തിന് ശേഷം. അതിനു ശേഷവും ബലാത്സംഗത്തിന് കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാന എ ഡി ജി പി ശ്രമിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്ന് സ്ഥാപിക്കാനായിരുന്നു. പെണ്‍കുട്ടിയുടെ ശരീരം മാതാപിതാക്കളെപ്പോലും കാണിക്കാതെ തിടുക്കത്തില്‍ കത്തിച്ചു കളയുകയും ചെയ്തു പോലീസ്. ഇത് മാത്രമല്ല, സാധ്യമായ എല്ലാ വഴികളിലൂടെയും പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. “”മാധ്യമങ്ങളൊക്കെ ഉടന്‍ പോകുമെന്നും തങ്ങള്‍ മാത്രമേ ഇവിടെയുണ്ടാകൂ എന്നും”” ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ ബന്ധുക്കളോട് പറഞ്ഞത് ഭീഷണിക്ക് തെളിവാണ്. പെണ്‍കുട്ടിയുടെ സഹോദരനുമായി നേരിട്ട് സംസാരിച്ച് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരം ബന്ധുക്കളെ അറിയിക്കാതെ കത്തിച്ചു കളഞ്ഞ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ലേഖികയുടെയും പെണ്‍കുട്ടിയുടെ സഹോദരന്റെയും ഫോണ്‍ ടാപ് ചെയ്തുവെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദ രേഖ ബി ജെ പി അനുകൂല മാധ്യമം പ്രസിദ്ധീകരിച്ചതോടെയാണ് ഫോണ്‍ ടാപ് ചെയ്ത വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെയും ഹാഥ്റസിലെത്തിയ മാധ്യമ പ്രവര്‍ത്തകരുടെയുമൊക്കെ ഫോണുകള്‍ ഭരണകൂടം ടാപ് ചെയ്തിരുന്നുവെന്നും അതിപ്പോഴും തുടരുന്നുണ്ടെന്നും സംശയിക്കണം. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന എ ഡി ജി പിയുടെ പ്രസ്താവനക്ക് പരമാവധി പ്രചാരണം നല്‍കാന്‍ പി ആര്‍ ഏജന്‍സിയെ പ്രത്യേകമായി ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളായ നാല് താക്കൂര്‍ സമുദായക്കാരെ രക്ഷിക്കാന്‍ മാത്രമല്ല ഇത്രയും വലിയ ഓപറേഷന്‍ യോഗി ആദിത്യനാഥ് സര്‍ക്കാറും ബി ജെ പിയും സംഘ്പരിവാരവും നടത്തുന്നത്. സംസ്ഥാനത്തെ ദളിത് വിഭാഗങ്ങള്‍ക്കാകെയുള്ള സന്ദേശമാണ് ഹാഥ്‌റസിലെ സംയോജിത അട്ടിമറി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വഴിപ്പെടാതിരുന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കെയാണെന്ന സന്ദേശം. ജാതി വ്യവസ്ഥയും അയിത്താചരണവും ശക്തമായി തുടരുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. സമൂഹത്തിന്റെ താഴേത്തട്ടില്‍ തന്നെയാണ് നിങ്ങളെന്ന് കീഴ്ജാതിക്കാരെ, പ്രത്യേകിച്ച് ദളിതുകളെ ബോധ്യപ്പെടുത്താന്‍ സവര്‍ണ വിഭാഗം ഉപയോഗിക്കുന്ന പ്രധാന ആയുധം ലൈംഗിക ആക്രമണമാണ്. അത് തുടര്‍ന്നു കൊണ്ടുപോകാന്‍ പാകത്തില്‍ ഭരണകൂടം നിലപാടെടുക്കുന്നത് സവര്‍ണാധിപത്യത്തില്‍ അധിഷ്ഠിതമായ ജാതി വ്യവസ്ഥ തുടരണമെന്ന ഉദ്ദേശ്യത്തിലാണ്. അതങ്ങനെ നിലനിര്‍ത്തി, ഭീതിയുടെ തടവറയില്‍ അടക്കാനായാല്‍ ദളിതുകള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വഴിപ്പെടുമെന്ന് അവര്‍ കണക്കുകൂട്ടുന്നുണ്ടാകണം. ഉത്തര്‍ പ്രദേശിനെ സംബന്ധിച്ച് 26 ശതമാനം വരുന്ന ദളിത് വോട്ട് ബേങ്ക് പ്രധാനമാണ്. 20 ശതമാനത്തോളമുള്ള മുസ്‌ലിം ന്യൂനപക്ഷവും ദളിതുകളും ഒരുമിച്ചാല്‍ ഉത്തര്‍ പ്രദേശിലെ സവര്‍ണ, സംഘ് രാഷ്ട്രീയത്തിന് അടിപതറും. അവിടേക്ക് കാര്യങ്ങളെത്താതിരിക്കുക എന്ന രാഷ്ട്രീയ അജന്‍ഡ കൂടിയാണ് യു പിയില്‍ അരങ്ങേറുന്നത്.

ഹാഥ്‌റസില്‍ അരങ്ങേറുന്നത് ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും കുടുംബത്തോടുമുള്ള അനീതി മാത്രമല്ല. അവരുള്‍ക്കൊള്ളുന്ന സമുദായത്തോട് തുടരുന്ന അനീതിയുടെ കുറേക്കൂടി നിഷ്ഠൂരമായ ആവര്‍ത്തനമാണ്. നിങ്ങളെ സംരക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്ന് ദളിതുകളെ ബോധ്യപ്പെടുത്തുകയാണ് സംഘ്പരിവാരം. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ശബ്ദമുയര്‍ത്തിയാല്‍ അതിനെ മറച്ചുവെക്കാന്‍ പാകത്തിലുള്ള പ്രചാരണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന ബോധ്യപ്പെടുത്തല്‍. ഗുജറാത്തിന് ശേഷം മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ് തീവ്ര ഹിന്ദുത്വം. വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ഗുജറാത്തിനെ ഭീതിയുടെ തടവറയാക്കിക്കൊണ്ട് മേല്‍ക്കോയ്മ നേടിയെടുത്തത് ഉത്തര്‍ പ്രദേശിലും ആവര്‍ത്തിക്കാനാണ് ശ്രമം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest