Connect with us

Ongoing News

വീണ്ടും ഒരു പെൺകുട്ടി; ഉത്തർപ്രദേശിന്റെ നിർഭയ

Published

|

Last Updated

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നതിനിടയിലാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ ഒരു ദളിത് പെൺകുട്ടിക്ക് ജീവൻ നഷ്ടമായത്. ശരീരത്തിൽ ഒന്നിലധികം ഒടിവുകളോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. അതിക്രൂരമായ ആക്രമണത്തിൽ യുവതിയുടെ നാവ് അറ്റുപോയിരുന്നു. സെപ്തംബർ 28നാണ് ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് ഇരുപതുകാരിയായ പെൺകുട്ടി മരണപ്പെട്ടത്. ഡൽഹിയിലേക്ക് മാറ്റുന്നതു വരെ യു പിയിലെ ആശുപത്രിയിൽ ഐ സി യുവിലായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലുണ്ടായ വർധനവും ഇത്തരം സംഭവങ്ങളോട് യു പി സർക്കാരും പോലീസും കാണിക്കുന്ന അലംഭാവവും രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മരിച്ച യുവതിയുടെ പരുക്കുകളുടെ വിശദാംശങ്ങളും പ്രതികളുടെ പൈശാചികതയും സോഷ്യൽ മീഡിയയെയും പിടിച്ചുകുലുക്കിയിട്ടുണ്ട്.

ആശുപത്രിയിലെത്തുമ്പോൾ നട്ടെല്ല് ഒടിഞ്ഞ യുവതിയുടെ ശരീരം പൂർണമായും തളർന്നിരുന്നു. ശ്വസിക്കാൻ യുവതി പാടുപെടുകയായിരുന്നുവെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. സംഭവത്തിനെതിരെ “എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല- I can”t breath-” എന്ന ഹാഷ്ടാഗിൽ വലിയ പ്രതിഷേധങ്ങൾ തന്നെ നടന്നു, സമൂഹ മാധ്യമങ്ങളിൽ. ക്രൂരമായ ആക്രമണത്തെ പലരും 2012ലെ നിർഭയ കൂട്ടബലാത്സംഗവുമായി താരതമ്യപ്പെടുത്തി. യുവതി ദളിത് വിഭാഗത്തിൽ പെട്ടയാളാണ്. അക്രമികൾ ഉയർന്ന ജാതിയിൽ പെട്ടവരും. ആക്രമണകാരികൾ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കവേ യുവതി നാവ് കടിച്ച് അറ്റുപോയതാണെന്ന് ഏരിയ ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു.

താഴ്ന്ന ജാതിയിൽപെട്ട പെൺകുട്ടികൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവായി മാറിക്കഴിഞ്ഞു. യോഗി സർക്കാർ ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നതിന് ശേഷമാണ് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും വർധിച്ചത്. പ്രതികൾ ഉയർന്ന ജാതിയിൽപ്പെട്ടവരാണെങ്കിൽ കേസിൽ നിന്ന് എളുപ്പത്തിൽ ഊരിപ്പോരാമെന്ന സ്ഥിതിവിശേഷം കൂടുതൽ അക്രമികളെ സൃഷ്ടിക്കുന്നുണ്ട്. ഇരകൾക്ക് ലഭിക്കേണ്ട നീതിയും മനുഷ്യാവകാശവും പോയിട്ട് മാന്യമായി അന്ത്യകർമങ്ങൾ ചെയ്യാൻ പോലും അധികാരികൾ സമ്മതിക്കാത്ത സാഹചര്യം ഏറെ ഭീതിജനകമാണ്.


സംഭവം വളരെ ദുഃഖകരമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നുവെന്നാണ് വ്യാപകമായ പരാതി. അറസ്റ്റ് ചെയ്ത പ്രതികളോടൊപ്പമാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടതും ഞെട്ടിപ്പിക്കുന്നതാണ്. ഉത്തർപ്രദേശ് പോലീസ് തുടക്കത്തിൽ സഹായിച്ചില്ലെന്നും പൊതുജനത്തിന്റെ പ്രകോപനത്തെ തുടർന്ന് മാത്രമാണ് പ്രതികരിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സെപ്തംബർ 14ന് ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹത്രാസിലെ ഗ്രാമത്തിലാണ് യുവതിയെ ആക്രമിക്കപ്പെടുന്നത്. കുടുംബത്തോടൊപ്പം വയലിൽ പുല്ല് പറിച്ചുകൊണ്ടിരുന്ന ഇടത്തിൽ നിന്ന് യുവതിയെ ദുപ്പട്ട കഴുത്തിൽ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

തെളിവ് നശിപ്പിക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ എതിർപ്പുകൾ അവഗണിച്ച് പോലീസ് തന്നെ സംസ്‌കരിച്ചതും വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽനിന്ന് ഹത്രാസിൽ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലർച്ചെ 2.45നാണ് സംസ്‌കരിച്ചത്. പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു പി പോലീസ് സമ്മതിച്ചില്ലെന്നും സംസ്‌കാര ചടങ്ങുകൾ നിർബന്ധപൂർവം ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് സഹോദരൻ ആരോപിക്കുന്നത്.

കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹത്രാസിൽ എത്തിച്ചത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പോലീസ് ശവമഞ്ചം ഒരുക്കിയിരുന്നതായും മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. എന്നാൽ, മൃതദേഹം ധൃതിയിൽ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും ആയിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്. ഹിന്ദു ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയിൽ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതൊന്നും ചെവിക്കൊള്ളാതെയാണ് പ്രതികൾക്കൊപ്പം നിലകൊണ്ട പോലീസ് അതിവേഗം മൃതദേഹം സംസ്‌കരിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മുന്നോട്ടുവന്നു. മുഖ്യമന്ത്രി പദത്തിൽ തുടരാൻ ആദിത്യനാഥിന് ധാർമികമായി അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു. “മകൾ മരിച്ച കാര്യം ഹത്രാസിലെ ഇരയുടെ അച്ഛൻ അറിയുന്നത് എന്നോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്. സങ്കടത്തോടെ അദ്ദേഹം ഉച്ചത്തിൽ കരയുന്നത് ഞാൻ കേട്ടു. തന്റെ മകൾക്കു നീതി ലഭിക്കണമെന്നതു മാത്രമാണ് തന്റെ ആവശ്യമെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അവസാനമായി മകളെ വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അന്ത്യകർമങ്ങൾ നടത്താനുമുള്ള അവസരം ഇന്നലെ രാത്രി അദ്ദേഹത്തിൽനിന്ന് തട്ടിയെടുത്തു”- പ്രിയങ്ക ട്വീറ്റിൽ ആരോപിച്ചു.

ഗ്രാമത്തിലെ തന്നെ ഉയർന്ന ജാതിയായ ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ള നാല് യുവാക്കളാണ് പ്രതികൾ. യുവതിയെ “ഉത്തർ പ്രദേശിന്റെ നിർഭയ” എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്. #JusticeForManishaBalmiki എന്ന ഹാഷ്ടാഗിലും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമിരമ്പി. ബലാത്സംഗം ചെയ്യപ്പെടുന്നതും കൊല്ലപ്പെടുന്നതും ദളിത് പെൺകുട്ടിയായതിനാൽ നീതി ലഭിക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഉത്തർപ്രദേശിലെ തന്നെ സമീപകാലത്തെ സമാനമായ സംഭവങ്ങളിൽ അതാണ് സംഭവിച്ചത്. സ്ത്രീകൾക്കെതിരെ ആർക്കും എന്തുമാകാം എന്ന ദയനീയ സ്ഥിതിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളത്. സ്ത്രീപീഡനത്തിനെതിരെ ശക്തമായ അന്വേഷണങ്ങൾ ഇല്ലാതിരിക്കുകയും പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന നിരന്തരമായ വീഴ്ചയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ട്. നീതിയും മനുഷ്യത്വവും രാജ്യത്ത് നാൾക്കുനാൾ മരിക്കുകയാണ്. ക്രൂരതകൾക്ക് ഭരണകൂട പിന്തുണയും സഹകരണവും ലഭിക്കുന്നു. രാഷ്ട്രീയ നീക്കുപോക്കുകൾ ഉണ്ടാകുന്നു. ഇരകൾ വീണ്ടും അപമാനിക്കപ്പെടുന്നു. ബലാത്സംഗത്തിനിരയാകുന്ന ഓരോ പെൺകുട്ടിയും വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നത് രാജ്യത്ത് പതിവ് കാഴ്ചയായിക്കഴിഞ്ഞു. എന്നാൽ, മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർക്ക് അടങ്ങിയിരിക്കാനാകില്ല. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകട്ടെ. ട്വിറ്റർ സ്റ്റോം ഉണ്ടാകട്ടെ. ഉത്തർപ്രദേശിന്റെ നിർഭയക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരട്ടെ.

---- facebook comment plugin here -----

Latest