എറണാകുളത്ത് നാവികസേനയുടെ പാരാഗ്ലെെഡർ തകര്‍ന്നുവീണ് രണ്ടു പേർ മരിച്ചു

Posted on: October 4, 2020 8:33 am | Last updated: October 4, 2020 at 3:02 pm

കൊച്ചി | എറണാകുളത്ത് നാവികസേനയുടെ പാരാ ഗ്ലൈഡര്‍ തകര്‍ന്നുവീണ് രണ്ട് മരണ‌. നാവിക സേനാ ഉദ്യോഗസ്ഥരായ രാജീവ് ഝാ, സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ നാവികസേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശീലന പറക്കലിനിടെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ബിഒടി പാലത്തിന് സമീപമാണ് ഗ്ലെെഡർ വീണത്. അപകട കാരണം വ്യക്തമല്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നാവികസേനാ ഉത്തരവിട്ടിട്ടുണ്ട്.

പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകര്‍ന്നുവീണത്.രക്ഷാപ്രവര്‍ത്തനത്തിന് താമസം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം സംഭവിച്ച ഗ്ലൈഡര്‍ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.

ഇന്നലെ കർണാടക കാർവാറിലെ രബീന്ദ്രനാഥടാഗോർ ബീച്ചിനുസമീപം പാരാഗ്ലൈഡർ കടലിൽവീണ് നാവികസേനാ ക്യാപ്റ്റൻ മരിച്ചിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദൻ റെഡ്ഡി(55) ആണ് മരിച്ചത്. പാരാഗ്ലൈഡറിന്റെ മോട്ടോറിലുണ്ടായ തകരാറിനെത്തുടർന്നാണ് അപകടം. റെഡ്ഡിക്കൊപ്പം പാരാഗ്ലൈഡറിന്റെ പൈലറ്റും നടത്തിപ്പുകാരനുമായ വിദ്യാധർ വൈദ്യയുമുണ്ടായിരുന്നെങ്കിലും കടലിൽവീണ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു.