ഉംറ തീർഥാടകരെ സ്വീകരിക്കാൻ ഹറമൊരുങ്ങി; ആദ്യ സംഘം ഞായറാഴ്ച രാവിലെ ഹറമിലെത്തും

Posted on: October 3, 2020 8:59 pm | Last updated: October 3, 2020 at 9:09 pm

മക്ക | കൊവിഡ് ബാധ തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവെച്ച ഉംറ തീർഥാടനം ഞായറാഴ്ച മുതൽ പുനരാരംഭിക്കും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കവും പൂർത്തിയായതായും രാവിലെ ആറ് മണിക്കാണ് ആദ്യ സംഘം ഹറമിലെത്തിച്ചേരുകയെന്നും  ഹറംകാര്യ മന്ത്രാലയം അറിയിച്ചു.

ആഗോള വ്യാപകമായി കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ച് നാലിന് തീർഥാടനത്തിന്  താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര ഉംറക്ക് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് അനുമതി നൽകിയതോടെയാണ്‌ നീണ്ട ഏഴ് മാസത്തെ കാത്തിരിപ്പിന് വിരാമമായത്.

കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ഒക്ടോബർ 4 മുതൽ 17 വരെ പ്രതിദിനം  ആഭ്യന്തര തീര്ഥാടകരായ 6,000 പേർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. ഇഹ്റാം ചെയ്യുന്നതിനായി മീഖാത്തിലെത്തുന്നവർ മന്ത്രാലയം പുറത്തിറക്കിയ ഏഴ്  നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം, ഇഅ്തമര്‍നാ ആപില്‍ വിവരങ്ങള്‍ നല്‍കി ഉംറ ചെയ്യുന്നതിനായി അനുമതി ലഭിച്ചിരിക്കണം, മീഖാത്തുകളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തണം , ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ നിശ്ചയിച്ച സ്ഥലങ്ങള്‍ ഉപയോഗിക്കുക, പള്ളിയിൽ പ്രവേശിക്കുന്നവർ മാസ്ക് ധരിക്കണം, നിസ്‌കാരത്തിനായി മുസല്ല ഉണ്ടായിരിക്കണം, മസ്ജിദിനകത്ത് അനുവദിച്ച സ്ഥലങ്ങളിൽ മാത്രം നിസ്‌കാരം നിര്‍വഹിക്കുക എന്നിവയാണ് നിർദേശങ്ങൾ.

60,000 ലിറ്റർ പരിസ്ഥിതി സൗഹൃദ സാനിറ്റൈസറുകൾ ഉപയോഗിച്ച് ദിവസവും പത്ത്  തവണയാണ് കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യുക. ഇതിനായി ആയിരം ആധുനിക ഹൈടെക് വാഷിംഗ് ഉപകരണങ്ങളോടെ പ്രത്യേക പരിശീലനം ലഭിച്ച നാലായിരം ജീവനക്കാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. 180 ൽ അധികം ഫീൽഡ് സൂപ്പർവൈസർമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തീർഥാടകർക്കായി എല്ലാ ദിവസവും  26,000 ബോട്ടിൽ സംസം പുണ്യ ജലവും ഹറമിൽ ഒരുക്കിയിട്ടുണ്ട്.

ഓരോ സംഘത്തിനും മൂന്ന് മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഓരോ സംഘങ്ങളുടെയും ഉംറ പൂർത്തിയ ശേഷം ഹറമിൽ അണുനശീകരണം നടത്തുകയും ചെയ്യും. ഇഹ്‌റാമിൽ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങൾ കണ്ടാൽ ഇവരെ താമസിപ്പിക്കുന്നതിനായി പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ 18 വയസ്സിനും  65 വയസ്സിനും ഇടയിലുള്ളവർക്ക് മാത്രമാന് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കൊവിഡ് സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായാണ് ഓൺലൈൻ സൗകര്യമൊരുക്കിയതെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ALSO READ  സഊദിയിൽ വിസാ നിയമം കർശനമാക്കുന്നു