Connect with us

National

കൊവിഡ് മൊറട്ടോറിയം: പലിശക്കുള്ള പിഴ പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവിന് അനുവദിച്ച മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരില്‍ നിന്ന് പിഴ പലിശ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മഹാമാരിയുടെ സാഹചര്യങ്ങളില്‍, പലിശ ഒഴിവാക്കുന്നതിനുള്ള ഭാരം സര്‍ക്കാര്‍ വഹിക്കുകയെന്നതാണ് ഏക പരിഹാരമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവിലേക്കാണ് ആനുകൂല്യം. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ ആറായിരം കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും.

മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണ്ണമായും എഴുതിത്തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.