Connect with us

Educational News

90 പുതിയ സ്ക്കൂൾ കെട്ടിടങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  മികവിന്റെ കേന്ദ്രങ്ങളായി നവീകരിച്ച 90  സ്‌കൂൾകെട്ടിടങ്ങൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 54 പുതിയ സ്ക്കൂൾകെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. നാടിന്റെ ഭാവി മുന്നിൽ കണ്ടാണ് സ്ക്കൂളുകളുടെ വികസനമെന്നും പൊതുവിദ്യാഭ്യസ യജ്ഞത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങള്‍ ഒരു നാടിന്റെ സമ്പത്താണ്. അവയുടെ സംരക്ഷണവും പുരോഗതിയും അതേ പ്രാധാന്യത്തോടെ കാണണം. പണ്ട് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതായിരുന്നു ആശങ്കയെങ്കിൽ  കഴിഞ്ഞ മൂന്ന് വർഷം അഞ്ച് ലക്ഷം വിദ്യാർഥികൾ കൂടി പൊതുവിദ്യാലയങ്ങളിലെത്തിയെന്നും ഇത് വലിയ മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓൺലൈൻ വിദ്യാഭ്യാസം ക്ലാസ് മുറികൾക്ക് പകരമാവില്ലെങ്കിലും ഇപ്പോൾ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി  കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നത്.  ആയിരത്തിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകൾക്ക് മൂന്ന് കോടി രൂപയും അഞ്ഞൂറിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകൾക്ക് ഒരു കോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്. നൂറ് ദിന കർമ പദ്ധതിയുടെ ഭാഗമായി നേരത്തെ 34 സ്ക്കൂൾ കെട്ടിടങ്ങളുടെ നവീകരണവും പൂർത്തിയാക്കിയിരുന്നു.

പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം

തിരുവനന്തപുരം  – 10,   കൊല്ലം – 6,   ആലപ്പുഴ-10,   പത്തനംതിട്ട 2, ഇടുക്കി -5,   കോട്ടയം  -3, എറണാകുളം-3   തൃശ്ശൂർ-11,   പാലക്കാട്-6,    കോഴിക്കോട് -7,   മലപ്പുറം -9    വയനാട്-4,     കണ്ണൂർ -12 ,   കാസർഗോഡ്  – 2 എന്നിങ്ങനെ 90 സ്‌കൂൾ കെട്ടിടങ്ങൾ .

പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം

തിരുവനന്തപുരം- 3, കൊല്ലം-3,   പത്തനംതിട്ട -4, കോട്ടയം -3, എറണാകുളം -2,  പാലക്കാട്  -3 കോഴിക്കോട്  -9, മലപ്പുറം-7,  വയനാട് -17,  കാസർഗോഡ് -3.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി.  പി ശ്രീരാമകൃഷ്ണൻ മുഖ്യതിഥിയായി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ സംബന്ധിച്ചു.

Latest