Connect with us

National

ഹത്രാസ് പീഡനം: അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ അഞ്ച് പോലീസുകാരെ സസ് പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി. അറസ്റ്റിലായ പ്രതികളെയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.

എസ്പി വിക്രാന്ത് വീറെ, സിഒ റാം ഷബ്ദ്, ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ വര്‍മ, എസ്‌ഐ ജഗ്വീര്‍ സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബന്ധുക്കളെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് ഉള്‍പ്പെടെ ആരോപണങ്ങള്‍ പോലീസുകാര്‍ക്ക് എതിരെ ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും തടയാന്‍ പോലീസ് നടത്തിയ ശ്രമങ്ങളും വിവാദത്തിനിടയാക്കിയിരുന്നു.

സെപ്തംബര്‍ 14 ന് ഹത്രാസിലെ വീടിനു സമീപത്തെ വയലില്‍ കന്നുകാലികള്‍ക്ക് പുല്ലരിയാന്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ക്രൂരമായി ബലാത്സംഗത്തിനിരയായ യുവതി പിന്നീട് രണ്ടാഴ്ച ആശുപത്രിയില്‍ ജീവനോട് മല്ലിട്ട ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിഷേധങ്ങളെ തടയാന് പോലീസ് നടത്തിയ ശ്രമഫലമായി പുലര്‍ച്ചെ 2.30ന് മൃതദേഹം തിടുക്കത്തില് സംസ്‌കരിച്ചത് വലിയ വിവാദമായി.

ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കത്തുകയാണ്. വെള്ളിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ദലിത് സമുദായാംഗങ്ങളായ ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദും ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തു.