Connect with us

Health

ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡ് 19ന്റെ ഏറ്റവും ശക്തമായ ലക്ഷണമെന്ന് ഗവേഷകര്‍

Published

|

Last Updated

ലണ്ടന്‍ | ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് കൊറോണ വൈറസിന്റെ ഏറ്റവും വിശ്വസനീയമായ ലക്ഷണമാണെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലണ്ടനിലെ പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോഗ്യ ഡാറ്റ വിലയിരുത്തിയാണ് ഗവേഷകരുടെ നിഗമനം. പെട്ടെന്ന് ഗന്ധവും രുചിയും നഷ്ടപ്പെട്ട 78 ശതമാനം ആളുകളുടെ ശരീരത്തിലും കൊവിഡ് 19 ആന്റിബോഡികള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. ഇവരില് 40 ശതമാനം പേര്‍ക്കും ചുമയോ പനിയോ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കൊവിഡ് ബാധിച്ചുവെന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവായാണ് മണവും രുചിയും നഷ്ടപ്പെടുന്നതിനെ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. രോഗബാധയുടെ ആദ്യഘട്ടത്തില്‍ കൊവിഡ് ലക്ഷണങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവയായിരുന്ന ആദ്യഘട്ടത്തില്‍ കൊവിഡ് ലക്ഷണങ്ങളായി കണ്ടെത്തിയത്. പിന്നീടാണ് കൊവിഡ് രോഗികള്‍ക്ക് മണവും രുചിയും നഷ്്ടപ്പെടുന്നതായി കണ്ടെത്തിയത്.

കൊവിഡ് ബാധ രണ്ടാം ഘട്ട വ്യാപനത്തിലേക്ക് കടക്കുമ്പോള്‍, ഏറ്റവും വ്യാപകമായ ലക്ഷമായാണ് മണവും രുചിയും നഷ്ടപ്പെടുന്നതിനെ കണക്കാക്കുന്നത്. ഈ ലക്ഷണം കാണിക്കുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ഗവണ്‍മെന്റുകള്‍ പരിഗണിക്കണമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനിലെ നിരവധി പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ച്, ഏപ്രില്‍ 23 നും മെയ് 14 നും ഇടയിലാണ് ഈ പഠനം നടത്തിയത്. മൊത്തം 590 പേര്‍ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോം വഴി പഠനത്തിന്റെ ഭാഗമായി. മണവും രുചിയും നഷ്ടമായതായി ഇവരില്‍ ഭൂരിഭാഗം പേരും പ്രതികരിച്ചു. മണവും രുചിയും നഷ്ടപ്പെട്ട 567 പേരില്‍ 77.6 ശതമാനം പേര്‍ക്കും കൊവിഡ് 19 ആന്റിബോഡികള്‍ ഉണ്ടായിരുന്നു. ഇതില്‍ 39.8 ശതമാനം പേര്‍ക്ക് ചുമയോ പനിയോ ഉണ്ടായിരുന്നില്ല. രുചി നഷ്ടപ്പെടുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ മണം നഷ്ടപ്പെടുന്നവര്‍ക്ക് കൊവിഡ് 19 ആന്റിബോഡികള്‍ ഉണ്ടാകാനുള്ള സാധ്യത മൂന്നു മടങ്ങാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Latest