National
ഭൂമിയില്‍ ആരെയും ഭയമില്ല; അനീതിക്ക് വഴങ്ങില്ല- ഗാന്ധിജിയുടെ വാക്കുകളുമായി രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് പോലീസിന്റെ ഭാഗത്ത് നിന്ന് നേരിട്ട അതിക്രമങ്ങളില്‍ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഗാന്ധി ജയന്തി ദിനത്തില്‍ മഹാതമാവിന്റെ വാക്കുകള്‍ കടമെടുത്താണ് യു പി സര്‍ക്കാറിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.
മഹാത്മാ ഗാന്ധിയുടെ “”ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും,” എന്ന വാക്കുകളാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി്ക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കഴിഞ്ഞ ദിവസം പോലീസ് അതിക്രമമുണ്ടായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷം ഇരുവരേയും ജാമ്യത്തില്‍വിട്ടു. പിന്നാലെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.