Connect with us

Kerala

ലൈഫില്‍ സിബിഐ അന്വേഷണം തുടരാം; സിഇഒ സഹകരിക്കണം:ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലൈഫ്മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി ജി വരുണിന്റെ ബഞ്ച് ഉത്തരവിട്ടു.

സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഫ്ലാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.

കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വെച്ച് നല്‍കിയ പരാതിയാണ്. പാവങ്ങള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ്മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

അതേസമയം ലൈഫില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് കണ്ടെത്താന്‍ കഴിയുവെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്നും സി ബി ഐ കോടതിയില്‍ വാദം ഉയര്‍ത്തി. സര്‍ക്കാറിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ ആണ് കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest