Connect with us

Covid19

തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്; ക്വാറിയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിരോധിച്ചു

Published

|

Last Updated

പത്തനംതിട്ട | മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് ക്വാറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ പ്രദേശം ക്ലസ്റ്റര്‍ ആയി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം ഏഴു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി. ജില്ലയില്‍ രോഗ വ്യാപനം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മറ്റു ക്വാറികളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതു നിര്‍ദേശങ്ങള്‍ കലക്ടര്‍ പുറത്തിറക്കി.

1. ക്വാറികളില്‍ എത്തുന്ന വാഹങ്ങളുടെ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം.

2. ക്വാറികളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി എത്തിച്ചേരുന്ന ഡ്രൈവര്‍മാര്‍ക്കും വാഹന തൊഴിലാളികള്‍ക്കും വിശ്രമിക്കുന്നതിന് പ്രത്യേക സൗകര്യം ക്വാറി ഉടമകള്‍ സജ്ജമാക്കണം. ഇവര്‍ ഒരു കാരണവശാലും ക്വാറി തൊഴിലാളികളുമായോ നാട്ടുകാരുമായോ ഇടപഴകാന്‍ അനുവദിക്കരുത്.

3. ക്വാറികളില്‍ എത്തുന്ന ഡ്രൈവര്‍മാരും സഹായികളും തൊഴിലാളികളും നിര്‍ബന്ധമായി മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ക്വാറി ഉടമസ്ഥന്‍ ഉറപ്പു വരുത്തണം.

4. ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രത്തില്‍ സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ ക്വാറി ഉടമകള്‍ സജ്ജീകരിക്കണം.

5. തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം ക്രമീകരിക്കണം.

6. ഏതെങ്കിലും ക്വാറികളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം.

7. നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ക്വാറികളില്‍ ഉടമകള്‍ പ്രദര്‍ശിപ്പിക്കണം.

മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും ബന്ധപ്പെട്ട സബ് കലക്ടര്‍ / ആര്‍ ഡി ഒമാരും ഉറപ്പു വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിച്ച് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍/ സബ് കലക്ടര്‍ / ആര്‍ ഡിഒമാര്‍ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

Latest