Kerala
പെരിയ ഇരട്ടക്കൊല കേസ്: രേഖകള്‍ ലഭ്യമാക്കാന്‍ അസാധാരണ നടപടിയുമായി സിബിഐ
		
      																					
              
              
            
തിരുവനന്തപുരം | പെരിയ ഇരട്ടക്കൊലക്കേസില്‍ നിലപാട് ശക്തമാക്കി സിബിഐ. കേസുകമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുക്കാന്‍ സിബിഐ നീക്കം തുടങ്ങി. കേസ് രേഖകള്‍ ആവശ്യപ്പെട്ട് സിആര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ നോട്ടീസ് നല്‍കി. രേഖകള്‍ നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ഈ വകുപ്പ്. അത്യപൂര്‍വമായാണ് കേന്ദ്ര ഏജന്‍സികള്‍ ഈ വകുപ്പ് പ്രയോഗിക്കുന്നത്.
ആറ് തവണ നോട്ടീസ് നല്‍കിയിട്ടും കേസ് രേഖകള്‍ സിബിഐക്ക് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. കേസ് രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. നേരിട്ട് രേഖകള്‍ ലഭിച്ചില്ലെങ്കില്‍ കോടതി വഴി ലഭ്യമാക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നത്.
2019 ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും പെരിയയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ക്രെെബ്രാഞ്ച് അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്തംബര്‍ 30നാണ് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് അനന്തകൃഷ്ണനാണ് കേസന്വേഷണത്തിന്റെ ചുമതല.
പെരിയ കേസിന്റെ കേസ് ഡയറിയും അനുബന്ധരേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് നേരത്തെ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
