Connect with us

National

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച ദളിത് യുവതിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍നിന്ന് ഹഥ്രാസില്‍ എത്തിച്ച മൃതദേഹം, വീട്ടിലേക്ക് കൊണ്ടുപോകാതെ അര്‍ധരാത്രി തന്നെ സംസ്‌കരിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ ആണ് സംസ്‌കാരം നടന്നത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പോലീസ് സമ്മതിച്ചില്ല. സംസ്‌കാര ചടങ്ങുകള്‍ നിര്‍ബന്ധപൂര്‍വം നടത്തുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഉന്നത ജാതിയില്‍ പെട്ട നാല് പേര്‍ സംഘം ചേര്‍ന്നാണ് യുവതിയയെ അതിക്രൂരമായി ആക്രമിച്ച് ബലാത്സംഗത്തിനിരയാക്കിയത്. കഴുത്തിനേറ്റ മുറിവുകളെ തുടര്‍ന്ന് ഒരുഭാഗം തളര്‍ന്ന യുവതിക്ക് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ആക്രമണത്തിനിടെ യുവതിയുടെ നാവ് അറ്റ് പോയിരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതീവഗുരുതരാവസ്ഥയില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ച യുവതി ഇന്നലെ മരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടി യു പിയിലെ ഹത്റാസ് ഗ്രാമത്തില്‍വെച്ച് ബലാത്സംഗത്തിനിരയായത്. അലീഗഢിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് ഡല്‍ഹിയിലെത്തിച്ചത്. യുവതിയെ പീഡിപ്പിച്ച നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള ഇവര്‍ക്ക് മേല്‍ കൊലപാതകം അടക്കമുള്ള കുറ്റങ്ങളും ചുമത്തും.

തുടക്കത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാന്‍ മടിച്ച ഉത്തര്‍ പ്രദേശ് പോലീസ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. ഇരയായത് ദളിത് യുവതിയായത് കൊണ്ടും പ്രതികള്‍ ഉന്നത ജാതിയില്‍പ്പെട്ടവരായതിനാലുമാണ് പോലീസ് തുടക്കത്തില്‍ അമാന്തം കാണിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പീഡനം വയലില്‍വെച്ച്

വയലില്‍ പുല്ലുവെട്ടുന്നതിനിടെയാണ് യുവതിയെ നാലംഗ സംഘ തട്ടിക്കൊണ്ട് പോയത്. മാതാവിനും മൂത്ത സഹോദരനുമൊപ്പം പുല്ലുവെട്ടാനായി പോയപ്പോഴാണ് യുവതി പീഡനത്തിനിരയാകുന്നത്. സഹോദരന്‍ പുല്ലുമായി തിരികെ വന്നെങ്കിലും മാതാവും യുവതിയും ജോലിയിലായിരുന്നു. മാതാവില്‍ നിന്ന് കുറച്ച് ദൂരെയായിരുന്ന യുവതിയെ നാല് പേര്‍ പിറകില്‍ കൂടി എത്തി ദുപ്പട്ട കഴുത്തില്‍ ചുറ്റി ബാജ്റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണം ആസൂത്രിതമാണെന്നും പ്രതികള്‍ നേരത്തേയും തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വന്‍ പ്രതിഷേധം

2012ലെ നിര്‍ഭയ കൂട്ടബലാത്സംഗത്തിന് സമാനമായ ആക്രമണമാണ് യുവതി നേരിട്ടതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശിലും ഡല്‍ഹിയിലും ജനങ്ങള്‍ തെരുവിലിറങ്ങി. പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും അവരെ തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ട് ഭീം ആര്‍മിയുടെ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ആശുപത്രിക്ക് പുറത്തെ റോഡ് ഉപരോധിച്ചു. സാമൂഹിക മാധ്യമങ്ങളിലും പ്രക്ഷോഭം ശക്തമാകുന്നുണ്ട്. ദളിത് യുവതിയുടെ മരണത്തില്‍ യു പിയിലെ യോഗി സര്‍ക്കാര്‍ ഉത്തരവാദിയാണെന്നാരോപിച്ച് കോണ്‍ഗ്രസ്, എസ് പി, എ എ പി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ യു പിയിലും പ്രക്ഷോഭം ശക്തമാണ്.

അതിനിടെ, അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പോലീസ് ട്വിറ്റ് ചെയ്തു.

Latest