Pathanamthitta
സുരക്ഷാ വലയം ഭേദിച്ച് സന്നിധാനത്തേക്കുള്ള കാനന പാതയില്‍ ബൈക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ ദുരൂഹത

പത്തനംതിട്ട | പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള കാനനപാതയില്‍ രണ്ട് യുവാക്കള്‍ ബൈക്ക്് ഓടിച്ചുകയറ്റിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വനംവകുപ്പിന്റെ രണ്ട് ചെക്ക്പോസ്റ്റുകളും ഗണപതി കോവില്‍ പരിസരത്തെ ദേവസ്വം ഗാര്‍ഡ് ഓഫീസും കടന്ന് അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തേക്ക് ബൈക്ക് കടന്നുപോയ സംഭവം ഗൗരവത്തോടെയാണ് പോലീസ് രഹസ്യാന്വേഷണവിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ (23) എന്നിവരാണ് പിടിയിലായത്. ചിറ്റാറില്‍ നിന്നും തേക്കടിക്കു യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് എളുപ്പവഴി തേടുകയായിരുന്നു തങ്ങളെന്നാണ് യുവാക്കള്‍ പറയുന്നത്. വനത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി കേസെടുത്തശേഷം ഇരുവരെയും വിട്ടയച്ചുവെങ്കിലും സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഘടിപ്പിച്ച ഫോണില്‍ ഗൂഗിള്‍ മാപ്പ് ഇവര്‍ സെറ്റ് ചെയ്തിരുന്നു. ചിറ്റാറില്‍ നിന്ന് പമ്പയിലെത്തി ഗണപതികോവില്‍ കടന്ന് മുന്നോട്ടു ചെന്നപ്പോള്‍ സന്നിധാനത്തേക്കു പോകുന്ന വഴിയിലെത്തുകയായിരുന്നു.
പമ്പയിലെയും സന്നിധാനം പാത തുടങ്ങുന്ന ഭാഗത്തെയും ചെക്ക് പോസ്റ്റുകളില്‍ ആരുമുണ്ടായിരുന്നില്ല. തീര്‍ഥാടനകാലമല്ലാത്തതിനാല്‍ വനംവകുപ്പ് ജീവനക്കാരാണ് ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. ബൈക്ക് ചെക്ക്പോസ്റ്റുകള്‍ കടന്നപ്പോഴാണ് വനപാലകരുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും കോണ്‍ക്രീറ്റ് പാതയായ സ്വാമി അയ്യപ്പന്‍ റോഡുവഴി ബൈക്ക് ചീറിപ്പാഞ്ഞിരുന്നു. സന്നിധാനത്തേക്കു വിവരം കൈമാറിയതിനേതുടര്‍ന്ന് അവിടെനിന്ന് പോലീസും വനപാലകരും ട്രാക്ടറില്‍ താഴേക്ക് കുതിച്ചു. മരക്കൂട്ടത്ത് യുവാക്കളെ തടഞ്ഞു. വനമേഖലയിലെ ട്രക്കിംഗ് പാതയിലൂടെ തേക്കടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ പറഞ്ഞു. കേസെടുത്തശേഷം യുവാക്കളെ വിട്ടയച്ചു. വനമേഖലയില്‍ നെറ്റ് വര്‍ക്ക് കവറേജ് കുറവാണ്. പിന്നീട് ഇവര്‍ എങ്ങനെ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തു യാത്ര തുടര്‍ന്നുവെന്നത് സംശയം ജനിപ്പിക്കുന്നു. സംഭവത്തേക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.