Connect with us

Kerala

സമരത്തെ സഹായിക്കാന്‍ പ്രതിപക്ഷം കേന്ദ്ര ഏജന്‍സികളെ കൊണ്ടുവരുന്നു; വികസന പ്രവര്‍ത്തനം തടസ്സപ്പെടുന്നുവെന്ന് വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ പ്രതിപക്ഷ സമരത്തെ സഹായിക്കുന്നതിനുള്ള ഉപകരണമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുകയാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുമ്പോള്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. ഇടതു മുന്നണി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടുത്ത ആറുമാസം വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം നടക്കേണ്ട കാലമാണ്. സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വിപുലീകരണം, കാര്‍ഷിക മേഖലയിലെ വികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷവും ബി ജെ പിയും കൂടി കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്ന് വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കുകയാണ്.

ഏജന്‍സികള്‍ അന്വേഷണം നടത്തുമ്പോള്‍ പല പ്രവര്‍ത്തനങ്ങളും നിലച്ചുപോവുകയാണ്. വിവിധ വിഷയങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്എം പിമാരും എം എല്‍ എമാരും കേന്ദ്ര ഏജന്‍സികള്‍ക്ക് കത്തയക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രക്ഷകന്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ല, നരേന്ദ്ര മോദിയും അമിത് ഷായുമാണെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇടതു മുന്നണി കണ്‍വീനര്‍ പറഞ്ഞു.

Latest