സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ബഹുജന കൂട്ടായ്മ ഇന്ന്

Posted on: September 29, 2020 7:32 am | Last updated: September 29, 2020 at 10:19 am

തിരുവനന്തപുരം | കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി ജെ പിയും സമരങ്ങളിലൂടെ യു ഡി എഫും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ബഹുജനകൂട്ടായ്മ ഇന്ന്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പ്രതിഷേധം നടക്കുക. വൈകിട്ട് എല്‍ ഡി എഫിന്റെ പ്രത്യേക യോഗവും നടക്കും.

സ്വര്‍ണക്കടത്ത്, ലൈഫ്, ജലീല്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം വലിയ പ്രതിഷേധങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് എല്‍ ഡി എഫ് പ്രതിരോധം ശക്തിപ്പെടുത്തുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുകയാണ് എല്‍ ഡി എഫ് ലക്ഷ്യം. ലൈഫിലെ സി ബി ഐ അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന തരത്തിലുള്ള പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കും.

തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനും കൊല്ലത്ത് പന്ന്യന്‍ രവീന്ദ്രനും മറ്റ് ജില്ലകളില്‍ മറ്റ് കക്ഷി നേതാക്കളും പങ്കെടുക്കും. തുടര്‍ന്നാകും പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫ് യോഗം ചേരുക. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.