സമരമുഖത്തിപ്പോള്‍ കര്‍ഷകരാണ്

വികല നയങ്ങള്‍ ലക്ഷക്കണക്കിന് കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട എത്രയോ മുന്‍ അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. എന്നിട്ടു പോലും തിടുക്കപ്പെട്ട് എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു നിയമം പാസ്സാക്കിയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ പ്രതിഷേധ നിരയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.
Posted on: September 29, 2020 4:02 am | Last updated: September 29, 2020 at 1:22 am

ജീവിക്കാന്‍ നിവൃത്തിയില്ലാത്തവരുടെ പ്രതിഷേധത്തിന് തീഷ്ണത കൂടുമെന്ന് എത്രയോ ആവര്‍ത്തി അനുഭവിച്ചറിഞ്ഞ നാടാണ് നമ്മുടേത്. വിജയം കാണും വരെ ജീവിച്ച് മരിച്ച് പോരാടിയവരുടെ നേര്‍ച്ചിത്രങ്ങള്‍ ചരിത്രം ചികഞ്ഞു നോക്കിയാല്‍ എത്രയോ അധികം കാണാനാകും.
സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ദീര്‍ഘ കാലമുണ്ടായ പോരാട്ടങ്ങളുടെ പാരമ്പര്യത്തിന്റെ നിഴലില്‍ ഇന്നും തൊഴിലാളികളും കര്‍ഷകരുമെല്ലാം സമരമുഖത്ത് അടിപതറാതെ അവകാശപ്പോരാട്ടം നയിക്കുന്നത് ഒരു പക്ഷേ അപൂര്‍വതയായിരിക്കാം. അതിജീവനത്തിനായി സമര വഴിയിലിറങ്ങിയവരുടെ സമര വീര്യത്തിന്റെ ചൂടില്‍ രാജ്യം ഇപ്പോള്‍ വീണ്ടും ഉരുകിത്തിളക്കുമ്പോള്‍ അധിനിവേശവും കുത്തകവത്കരണവുമെല്ലാം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഗ്രാമീണ കര്‍ഷകന്റെ വ്യാകുലതകളെക്കുറിച്ച് ഒരു ആശങ്കയുമില്ലാത്ത, കൃഷിയും കൃഷിഭൂമിയും കുറയുന്നതിനെക്കുറിച്ച് ഒരു പരിഭവവുമില്ലാത്ത ഒരു സര്‍ക്കാര്‍ കോര്‍പറേറ്റ് ഫാമിംഗിലേക്ക് രാജ്യത്തെ നയിക്കുമ്പോള്‍ സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് ഈ മണ്ണ് വീണ്ടും സാക്ഷിയാകുന്നത്. ലോകത്തിലെ ഏറ്റവും നിസ്സഹായത അനുഭവിക്കുന്നവരുടെ നിരയിലേക്ക് ഇന്ത്യയിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതിവേഗം നീങ്ങുകയാണെന്ന് എത്രയോ കാലം മുമ്പ് തിരിച്ചറിഞ്ഞിട്ടു പോലും ഒരിളക്കവും തട്ടാതെ കുംഭകര്‍ണ സേവ നടത്തുന്നവരായി ഭരണകൂടം മാറുന്നുവെന്നത് എത്ര കഷ്ടമാണെന്ന് പറയാതിരിക്കാനാകില്ല.
ജീവിതച്ചെലവിന് പോലും വക കിട്ടാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം കര്‍ഷകരുമെന്ന് അറിയാത്തവരല്ല നമ്മുടെ ഭരണകര്‍ത്താക്കള്‍. എന്നാല്‍ ഉത്പന്നങ്ങള്‍ക്ക് വിലയില്ലെന്നും ഉത്പാദനം കുറയുന്നുവെന്നും പരിഭവിക്കുന്ന കര്‍ഷകര്‍ക്കു മുന്നിലേക്ക് ഇവര്‍ ഒരിക്കലും അനുകമ്പയാര്‍ന്ന കരതലം നീട്ടാറില്ല. വിത്തിനും വളത്തിനുമുള്ള സബ്‌സിഡി വെട്ടിച്ചുരുക്കി ആകെയുള്ള ജീവനോപാധിയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട താത്പര്യങ്ങള്‍ വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുക തന്നെയാണ് ചെയ്യുന്നത്. സ്വകാര്യ കുത്തകകള്‍ക്കു മുന്നില്‍ ഗ്രാമീണ കര്‍ഷകര്‍ ഒറ്റപ്പെടുകയോ തോല്‍ക്കുകയോ ചെയ്യുന്നതിനു പിന്നില്‍ എപ്പോഴും ഭരണത്തിന്റെ ഒരു താങ്ങ് ദൃശ്യമാകും. രാജ്യത്തെ 60 ശതമാനം കൃഷിഭൂമിയിലും കര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തി നല്‍കാന്‍ സന്നദ്ധമാകാത്തവരാണ് ഇപ്പോഴും നൂതനാശയങ്ങളിലൂടെയും പുതിയ സാങ്കേതികവിദ്യകളിലൂടെയും കാര്‍ഷികരംഗം പുരോഗതി കൈവരിക്കുമെന്ന പ്രഖ്യാപനവുമായെത്തി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്നത്.
വികസനത്തിന്റെ പേരില്‍ കൃഷിഭൂമി തരംമാറ്റുമ്പോള്‍ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സ്ഥിതി കൂടുതല്‍ പ്രയാസകരമാണെന്ന് നേരത്തേ വ്യക്തമായിട്ടുണ്ട്. നാല്‍പ്പത് ശതമാനത്തിലേറെ വികസനത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍ സംഭാവന ചെയ്യുന്ന കര്‍ഷകരെക്കുറിച്ചും കാര്‍ഷിക വികസനത്തെക്കുറിച്ചും ചിന്തിക്കാത്ത സര്‍ക്കാറുകള്‍ വികസനത്തിന്റെ പേരിലാണ് തുടക്കത്തില്‍ കര്‍ഷകരെ അകറ്റിത്തുടങ്ങിയതെങ്കില്‍ കാലം മാറിമറയുമ്പോള്‍ പുതിയ തരം പദ്ധതികളും നിയമങ്ങളുമായാണ് കര്‍ഷകദ്രോഹ നടപടികള്‍ തുടരുന്നത്. കുത്തക സൗഹാര്‍ദ പ്രതിച്ഛായ ഉറപ്പിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകരുടെ ഉന്നമനം ഭരണകര്‍ത്താക്കളുടെ അജന്‍ഡയില്‍ വരുന്നതേയില്ല. മറ്റു തൊഴിലുകളൊന്നും അറിയാത്ത, സ്വന്തം അന്നം തേടാന്‍ മറ്റു വഴിയില്ലാത്ത പാവപ്പെട്ട കര്‍ഷകരെ പെരുവഴിയിലാക്കുന്ന നയങ്ങളുമായി അധികാരികള്‍ മുന്നോട്ട് പോകുമ്പോള്‍ എല്ലാക്കാലത്തുമെന്ന പോലെ ഇപ്പോഴും സമര രംഗത്തിറങ്ങാന്‍ കൃഷിക്കാര്‍ സ്വയം സന്നദ്ധരാക്കപ്പെടുകയാണ്. ഭക്ഷ്യാവശ്യം രാജ്യത്ത് വര്‍ധിച്ചു വരുമ്പോള്‍ കാര്‍ഷിക മേഖലയാകെ കുത്തകവത്കരിച്ച് ജനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ബാധ്യതയുടെ നുകം വെച്ചുകെട്ടാനാണ് പുതിയ നയങ്ങളിലൂടെ ഭരണകൂട ശ്രമം. കര്‍ഷകാനുകൂലമെന്ന് അവകാശപ്പെടുന്ന മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള വമ്പിച്ച പ്രതിരോധം ഇപ്പോള്‍ നിലനില്‍പ്പിന്റെ സമരമായിത്തന്നെയാണ് പരിഗണിക്കപ്പെടുന്നത്.

ഗ്രാമീണ കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയം കാര്‍ഷിക മേഖലക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്ന് നേരത്തേ തന്നെ കാര്‍ഷിക രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉപഭോക്താക്കള്‍ക്കും പൊതുവിതരണ സമ്പ്രദായത്തിനും എതിരായി ബാധിക്കുന്ന നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കുക. കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ വില നല്‍കി ചൂഷണം ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുമെന്നാണ് പുതിയ നയത്തിലെ വാഗ്ദാനമെങ്കിലും ആ സംവിധാനത്തെക്കുറിച്ച് നിയമത്തില്‍ പരാമര്‍ശമില്ലെന്ന് കര്‍ഷക തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. അസംഘടിത മേഖലയിലെ കര്‍ഷകര്‍ക്ക് സ്വകാര്യ കമ്പനികളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയില്ലാതിരിക്കെ കുത്തകകള്‍ക്കു മുന്നില്‍ രാജ്യത്തെ കൃഷിക്കാര്‍ തലകുനിക്കേണ്ടി വരുമെന്നും കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ കൃഷി വ്യാപകമാക്കുന്നതിനും കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികരംഗം കീഴടക്കാനുമുള്ള നയമാണ് മോദി സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ കൈക്കൊണ്ടത്. കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലക്ക് ഉത്പന്നം വില്‍ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളെയാണ് കടുത്ത ദാര്യദ്ര്യത്തിലേക്ക് തള്ളിവിടുക. സ്വതന്ത്രമായി ഉത്പാദിപ്പിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകന്റെ അവസരം നഷ്ടമാകുമ്പോള്‍ മാനസികമായി തകരുന്ന സാധാരണക്കാരായ കര്‍ഷകരെയത് ആത്മഹത്യയിലേക്ക് തള്ളിവിടും. വികല നയങ്ങള്‍ ലക്ഷക്കണക്കിന് കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട എത്രയോ മുന്‍ അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. എന്നിട്ടു പോലും തിടുക്കപ്പെട്ട് എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു നിയമം പാസ്സാക്കിയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ പ്രതിഷേധ നിരയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. കര്‍ഷക സംഘടനകളും തൊഴിലാളി യൂനിയനുകളും യുവജന, മഹിളാ, വിദ്യാര്‍ഥി, സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഒറ്റക്കെട്ടായി അണിനിരന്നിട്ടുണ്ട്. പലയിടങ്ങളിലും കാര്‍ഷിക ബില്ലുകളുടെ കോപ്പി കത്തിച്ചും വഴി തടഞ്ഞും പ്രതിഷേധം ഇവര്‍ ശക്തിപ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധം കത്തിപ്പടര്‍ന്നു. ബംഗാള്‍, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം സമരച്ചൂട് വലിയ തോതിലാണ് പടര്‍ന്നു പിടിച്ചത്. ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ തലയോട്ടികളുമായാണ് സമരം നടത്തിയത്.

രാജസ്ഥാനിലും ത്രിപുരയിലും മഹാരാഷ്ട്രയിലുമെല്ലാം കര്‍ഷകരുടെ പ്രതിഷേധച്ചൂട് സര്‍ക്കാരറിഞ്ഞു. കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ പഞ്ചാബിലും ഹരിയാനയിലുമായി പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. രാജ്യം സാമ്പത്തിക ബുദ്ധിമുട്ടിലും കൊവിഡ് പ്രതിസന്ധിക്കും ഇടയില്‍ ഞെങ്ങി ഞെരുങ്ങി ജീവിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ധൃതിപ്പെട്ട് ഇത്തരത്തിലൊരു കര്‍ഷകദ്രോഹ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇതിനു പിന്നിലുള്ള ഒളിയജന്‍ഡകള്‍ മോദി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മറ്റു നയങ്ങളോട് ചേര്‍ത്ത് വായിച്ചാല്‍ ആര്‍ക്കും ഒരതിശയവുമുണ്ടാകേണ്ട കാര്യമില്ല.

സി വി സാജു