Connect with us

Saudi Arabia

ഉംറ തീര്‍ത്ഥാടനം : ഹറമിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

Published

|

Last Updated

മക്ക  |ഒക്ടോബര്‍ നാല് മുതല്‍ വിശുദ്ധ ഹറമിലേക്ക് ഉംറ തീര്‍ത്ഥാടനം പുനഃരംഭിക്കുന്നതിന്റെ മുന്നോടിയായി ഇരു ഹറമിലെയും സുരക്ഷാ മുന്‍കരുതല്‍ വിലയിരുത്തുന്നതിനായി ഹറം കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. കൊവിഡ് പശ്ചാത്തലത്തിലും കനത്ത ആരോഗ്യ സുരക്ഷയില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അടുത്ത ആഴ്ച്ചയില്‍ ഉംറ തീര്‍ത്ഥാടവും പുനഃരാരംഭിക്കുന്നത്

കൊവിഡ് കാലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യം മഹത്തായ വിജയത്തിന് ലോകം സാക്ഷ്യം വഹിച്ചുവെന്നും, ഇതേ മാതൃക പിന്തുടര്‍ന്ന് വിവിധ മന്ത്രാലയങ്ങളുടെ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ ഈ വര്‍ഷത്തെ ഉംറ സീസണ്‍ പരിപൂര്‍ണ്ണ വിജയം കൈവരിക്കുമെന്നും ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ.സാലിഹ് ബന്തന്‍ പറഞ്ഞു.

ഹജ്ജ് കര്‍മ്മം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ ലോകാരോഗ്യ സംഘടനയും,ലോക രാജ്യങ്ങളും സഊദി അറേബ്യയെ പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഹറമിലും പരിസങ്ങളിലും ഒരുക്കിയിരിക്കുന്നത്.അനുമതിയില്ലാതെ ഹറമിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷക്കായി ഹറം സുരക്ഷാ വകുപ്പിന് പുറമെ സിവില്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സും, ആരോഗ്യ വകുപ്പും രംഗത്തുണ്ട്

തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണ നല്‍കുന്നത് .ഇതിനാവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായുംഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു

തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി ഊര്‍ജിതമായ ശുചീകരണജോലികളായിരിക്കുംനടക്കുക .ഇതിന്റെ ഭാഗമായി മസ്ജിദുല്‍ ഹറം ദിവസേന നാല് തവണയാണ് കഴുകി അണുവിമുക്തമാക്കുക. ഉംറ കര്‍മ്മങ്ങള്‍ക്കായി മൂന്ന് മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആയിരം പേര്‍ വീതമുള്ള ആറ് സംഘങ്ങളായാണ് ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക. കഅബ തൊടുന്നതിനും ഹജറുല്‍ അസ്വദ് ചുംബിക്കുന്നതിനും അനുമതിയുണ്ടാകില്ല. സംസം വെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഹറം കാര്യാലയം അറിയിച്ചു

Latest