Connect with us

Kerala

ചെറുകിട-സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍; ബ്ലോക്കുകളില്‍ പരമാവധി സംരംഭങ്ങള്‍ തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം | ചെറുകിട-സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ പരമാവധി സംരംഭങ്ങള്‍ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംരംഭകര്‍ക്ക് കെ എഫ് സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷികേതര മേഖലയില്‍ 16,800 പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനുള്ള മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക് തല സമിതികള്‍ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. പരമാവധി രണ്ടര ലക്ഷം രൂപ വായ്പ നല്‍കുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയില്‍ 2,550 സംരംഭങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കി. 2016-20 ല്‍ ഈ മേഖലയില്‍ 5,231 കോടി രൂപയുടെ മൊത്തനിക്ഷേപം ഉണ്ടായി. 1,54,341 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനായി.
പ്രതിവര്‍ഷം 1000 പുതിയ സംരംഭങ്ങള്‍ എന്ന നിലയില്‍ അഞ്ചു വര്‍ഷം കൊണ്ട് 5000 പുതിയ വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതാണ് കെ എഫ് സിയുടെ വായ്പാ പദ്ധതി. ഓരോ പദ്ധതിക്കും 90 ശതമാനം വരെ വായ്പ കെ എഫ് സി നല്‍കും. മൂന്ന് ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെയാണ് വായ്പ നല്‍കുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക്കയുമായി സഹകരിച്ച് മൂന്ന് ശതമാനം അധിക സബ്സിഡി സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. 355 സംരംഭകര്‍ക്കാണ് തുടക്കത്തില്‍ വായ്പ അനുമതി പത്രം നല്‍കുന്നത്. 1,300 അപേക്ഷയില്‍ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കിയാണ് വായ്പ നല്‍കുന്നത്.

ലോക നിലവാരമുള്ള കളിക്കളങ്ങള്‍ നാടെങ്ങും
തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. ലോക നിലവാരമുള്ള കളിക്കളങ്ങള്‍ നാടെങ്ങും തയാറായിക്കൊണ്ടിരിക്കുകയാണ്. കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനും ഒപ്പം പ്രതിഭയുള്ള കുട്ടികള്‍ക്ക് കളിച്ച് വളരാനും പൊതുജനങ്ങള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും വിപുലമായ അവസരങ്ങളാണ് ഈ കളിക്കളങ്ങളില്‍ ഒരുക്കുന്നത്.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങള്‍ക്കും 43 പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സ്റ്റേഡിയങ്ങള്‍ക്കും 1000 കോടി രൂപ അനുവദിച്ചു. കിഫ്ബി അംഗീകരിച്ച 43 കായിക സമുച്ചയങ്ങളില്‍ 26 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്ബോള്‍ ഗ്രൗണ്ടുകള്‍, 27 സിന്തെറ്റിക് ട്രാക്കുകള്‍, 33 സ്വിമ്മിംഗ് പൂളുകള്‍, 33 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയാകും. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.

Latest