Connect with us

Covid19

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം; സ്വീകരിച്ചു വരുന്നത് കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 എ (1), 509, കേരളാ പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 364 എ (1) (ഐ വി), 506, 509, കേരളാ പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ ടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷം കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് കൈമാറും.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് പി നായരും പ്രത്യേകം പ്രത്യേകം നല്‍കിയ പരാതികളില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.