Connect with us

Covid19

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഒരുതരത്തിലും വിട്ടുവീഴ്ച പാടില്ല; നടപടികള്‍ കൂടുതല്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു എന്ന യാഥാര്‍ഥ്യം നമ്മള്‍ ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ഉയരാതെ നോക്കിയാല്‍ മാത്രമേ, മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. രോഗം കൂടുന്ന സ്ഥിതിവിശേഷമുള്ളതിനാല്‍ അതിനെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ശക്തമാക്കി വരികയാണ്. കുറഞ്ഞ ദിവസത്തിനിടയില്‍ വലിയതോതിലുള്ള വര്‍ധനയാണ് കൊവിഡ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വ്യാപനം തടഞ്ഞു നിര്‍ത്തുക വളരെ പ്രധാനമാണ്.

വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടല്‍ നേരത്തെതന്നെ നമ്മള്‍ തീരുമാനിച്ചതാണ്. എന്നാല്‍, കേരളത്തിന്റെ അന്തരീക്ഷം മാറിയത് ഇത് നടപ്പാക്കാന്‍ തടസ്സമായിട്ടുണ്ട്. പ്രധാന പങ്ക് വഹിക്കുന്ന പോലീസിന് ക്രമസമാധാന പാലനത്തിന് ഇറങ്ങേണ്ടി വന്നു. ഇതാണ് അടിസ്ഥാനപരമായി ഒരു തടസ്സമായി വന്നത്. ഇനി കാത്തുനില്‍ക്കാന്‍ സമയമില്ല. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കടയുടമകള്‍ക്കെതിരെ നടപടിയുണ്ടാവണം.

വിവാഹത്തിന് 50, മൃതദേഹ സംസ്‌ക്കാര ചടങ്ങിന് 20 എന്ന നിലയില്‍ എണ്ണം നിശ്ചയിച്ച് നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം. ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്. അതിന് ഇന്നുള്ള സംവിധാനം പോരാ. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കാനാകണം. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവരെ പഞ്ചായത്തുകള്‍, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല നല്‍കും. അവര്‍ക്ക് തത്ക്കാലം ചില അധികാരങ്ങള്‍ കൊടുക്കേണ്ടിവരും. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാനും ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Latest