Connect with us

Covid19

സംസ്ഥാനത്ത് കൊവിഡ് സ്ഥിതി രൂക്ഷം; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ (ചൊവ്വാഴ്ച) വൈകിട്ട് നാലിനാണ് യോഗം. ഇതിനു മുന്നോടിയായുള്ള അവലോകന യോഗം ഇന്ന് നടക്കും.
വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ടോയെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ 7000ത്തിന് മുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് അതീവ ജാഗ്രതയുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്നലെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ശ്രദ്ധക്കുറവുണ്ടായാല്‍ പ്രായമായവരിലേക്ക് രോഗം പടരാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറയുകയുണ്ടായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേക്കു പോകേണ്ടി വരുമെന്ന സ്ഥിതിയിലാണ്. കേരളത്തില്‍ ഇനിയൊരു ലോക്ക് ഡൗണ്‍ ഒഴിവാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, നിസ്സഹകരണ സമീപനങ്ങള്‍ തുടര്‍ന്നാല്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.