ഗൂഗ്ള്‍ മീറ്റിന്റെ സൗജന്യ ഉപയോഗം 60 മിനുട്ടാക്കി ചുരുക്കുന്നു

Posted on: September 28, 2020 3:15 pm | Last updated: September 28, 2020 at 3:15 pm

ന്യൂയോര്‍ക്ക് | ടെക് ഭീമനായ ഗൂഗ്ളിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്‌ഫോമായ ഗൂഗ്ള്‍ മീറ്റിന്റെ സമയം 60 മിനുട്ടാക്കി ചുരുക്കുന്നു. സൗജന്യമായി ഉപയോഗിക്കുന്ന പ്ലാനുകളിലാണ് സമയം ചുരുക്കുന്നത്. സെപ്തംബര്‍ 30ന് ശേഷമാണ് ഇത് പ്രാബല്യത്തില്‍ വരിക.

നിലവില്‍ സമയ പരിധിയില്ലാതെ നൂറ് പേരെ വരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ ഗൂഗ്ള്‍ മീറ്റില്‍ നടത്താം. ജി സ്യൂട്ട്, ജി സ്യൂട്ട് ഫോര്‍ എജുക്കേഷന്‍ എന്നിവയില്‍ 250 പേരെ പങ്കെടുപ്പിച്ചുള്ള മീറ്റിംഗുകള്‍ ഉള്‍പ്പെടെയുള്ള നൂതന സവിശേഷതകള്‍ സെപ്തംബര്‍ 30ന് ശേഷം സൗജന്യമായി ഉപയോഗിക്കാനാകില്ല.

ഒരു ലക്ഷം വരെയുള്ളവരിലേക്കെത്തുന്ന ലൈവ് സ്ട്രീമുകള്‍, മീറ്റിംഗ് റെക്കോര്‍ഡുകള്‍ ഗൂഗ്ള്‍ ഡ്രൈവില്‍ സേവ് ചെയ്യുക തുടങ്ങിയ സവിശേഷതകളും ഇനി സൗജന്യമായിരിക്കില്ല. ജി സ്യൂട്ടുമായി എന്റര്‍പ്രൈസ് എന്ന കരാറിലുള്ള ഉപഭോക്താക്കള്‍ക്ക് ആണ് സാധാരണ ഈ സവിശേഷതകള്‍ ലഭിക്കുക. മാസം 25 ഡോളര്‍ (ഏകദേശം 1800 രൂപ) ആണ് ചെലവ് വരിക. കൊവിഡ് കാലത്ത് യോഗങ്ങളും മറ്റും ഓണ്‍ലൈനിലേക്ക് മാറിയതോടെ സൂം ആപ്പിന് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് ഗൂഗ്ള്‍ മീറ്റുമായി ഗൂഗ്ള്‍ രംഗത്തെത്തിയത്.

ALSO READ  ഓപോ എഫ്17, റെഡ്മി 9എ ഇന്ത്യന്‍ വിപണിയില്‍